ജി എസ് ടി ; ചെറുകിട ചെരിപ്പു വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു


, | Published: 07:55 PM, December 26, 2017

IMG

കോഴിക്കോട്: ജി എസ് ടി ഉണ്ടാക്കിയ കുരുക്കുകാരണം ചെരിപ്പു വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയാണെന്ന് പാദരക്ഷാ വ്യവസായ സംരക്ഷണ സമിതി. നോട്ടു പ്രതിസന്ധി ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും പതുക്കെ കരകയറി വരുമ്പോഴാണ് കേന്ദ്രം ജി എസ് ടിയും അടിച്ചേല്‍പ്പിച്ചത്. ഇതോടെ പിടിച്ചു നില്‍ക്കാനാവാതെ കോഴിക്കോട്ടുമാത്രം 40-ഓളം ചെറുകിട ചെരിപ്പ് വ്യവസായ യൂണിറ്റുകള്‍ പൂട്ടി. ഇതേ പ്രതിസന്ധി തുടര്‍ന്നാല്‍ കേരളത്തില്‍ ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഭൂരിപക്ഷം ചെരിപ്പ് വ്യവസായ യൂണിറ്റുകളും പൂട്ടേണ്ടിവരുമെന്ന് നേതാക്കള്‍ പറയുന്നു.ജി എസ് ടി അപാകതകള്‍ പരിഹരിക്കലടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് 28 ന് രാവിലെ 10ന് കോഴിക്കോട് ജി എസ് ടി ഓഫീസിനുമുമ്പില്‍ സംരക്ഷണ സമിതി ധര്‍ണ നടത്തുന്നുണ്ട്. ജി എസ് ടി റീഫണ്ട് വേഗത്തിലാക്കുക, റീഫണ്ട് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ വൈകുകയാണെങ്കില്‍ തത്തുല്യമായ തുക ബാങ്കുകളില്‍ നിന്ന് പലിശയില്ലാതെ വായ്പയായി നല്‍കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍.12 ശതമാനം മുതല്‍ 18ശതമാനം വരെ നികുതി കൊടുത്ത് വാങ്ങുന്ന അസംസ്‌കൃത വസ്തുക്കള്‍കൊണ്ട് ഉല്‍പാദിപ്പിക്കുന്ന ചെരുപ്പുകള്‍ അഞ്ചുശതമാനം നിരക്കില്‍ വില്‍പന നടത്തുമ്പോള്‍ സര്‍ക്കാരില്‍ സ്വരൂപിക്കുന്ന അധിക നികുതി വ്യവസായികള്‍ക്ക് തിരികെ ലഭിക്കേണ്ടതാണ്. കച്ചവടം ചെയ്യേണ്ട പണം പര്‍ച്ചേഴ്‌സ് നികുതിയായി കൊടുത്ത് ബാങ്കിലുള്ള വായ്പ മുഴുവന്‍ തീര്‍ന്നു. ഓരോമാസവും വലിയ തുക സ്ഥാപനങ്ങള്‍ക്ക് റീഫണ്ട് കിട്ടേണ്ട അവസ്ഥയാണുള്ളത്. മാസം തോറും റീഫണ്ടെങ്കിലും കിട്ടിയിരുന്നെങ്കില്‍ നിലവിലുള്ള കച്ചവടം നിലനിര്‍ത്തിക്കൊണ്ടുപോവാമായിരുന്നു. എന്നാല്‍ ജിഎസ്ടി തുടങ്ങിയ ശേഷം ഇതുവരെയായിട്ടും റീഫണ്ട് കിട്ടിയിട്ടില്ല. ഇപ്പോള്‍ തന്നെ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ബാക്കിയുള്ളവയും അടച്ചുപൂട്ടേണ്ട വക്കിലാണെന്ന് പാദരക്ഷ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി ശശിധരന്‍ പറഞ്ഞു.  വാര്‍ത്താ സമ്മേളനത്തില്‍ പി ശശിധരന്‍, പി എം എ ഗഫൂര്‍, ഹമീദലി, സി പി അബൂബക്കര്‍, പി പി അബ്ദുള്‍ ലത്തീഫ്, ജോസ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു