കെഎസ്ആര്‍ടിസിയുടെ കോഴിക്കോട് ഡിപ്പോ പൂര്‍ണ്ണതയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍


, | Published: 02:17 PM, September 18, 2017

IMG

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ കോഴിക്കോട് ഡിപ്പോ പൂര്‍ണ്ണതയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തി, ഇതു സംബന്ധിച്ച യോഗം കോഴിക്കോട് വിളിച്ചു ചേര്‍ക്കും. ഏതാനും മാസങ്ങള്‍ക്കകം എല്ലാ തലങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഇതിന് മുന്‍കൈയെടുക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ ഇവിടേക്ക് മാറ്റുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഗണിച്ച് മുന്നോട്ടുപോവും. കെഎസ്ആര്‍ടിസി ലാഭത്തിലാക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും അതിന് സാദ്ധ്യതകളുണ്ടെന്നും മന്ത്രി പറഞ്ഞു.
എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ടി.വി. ലളിത പ്രഭ, കെ.എം. ശിവരാമന്‍, എം.ടി. സുകുമാരന്‍, ജോഷി ജോണ്‍ എന്നിവര്‍ സംസാരിച്ചു.