ശസ്ത്രക്രിയയില്ലാതെ ഹൃദയ വാല്‍വ് മാറ്റിവയ്ക്കുന്ന ടാവി സാങ്കേതികവിദ്യയെക്കുറിച്ച് സിമ്പോസിയം സംഘടിപ്പിച്ചു


, | Published: 12:26 PM, October 09, 2017

IMG

കോഴിക്കോട്: ശസ്ത്രക്രിയ ഇല്ലാതെ ഹൃദയ വാല്‍വ് മാറ്റിവയ്ക്കുന്ന നൂതന ചികിത്സാ രീതിയായ ട്രാന്‍സ്‌കത്തീറ്റര്‍ അയോട്ടിക്ക് വാല്‍വ് ഇംപ്ലാന്റേഷനെക്കുറിച്ച് (ടാവി) ആസ്റ്റര്‍ മിംസില്‍ സിമ്പോസിയം സംഘടിപ്പിച്ചു. കാത്‌ലാബില്‍ മൂന്ന് രോഗികളുടെ ഹൃദയ വാല്‍വ് മാറ്റിവയ്ക്കുന്നത് ആധുനിക ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ തത്സമയം ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സിമ്പോസിയം. സാധാരണ ഹൃദയ ശസ്ത്രക്രിയകളില്‍ നിന്നും വ്യത്യസ്തമായി നെഞ്ചും ഹൃദയവും തുറക്കാതെയും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്ന ബൈപ്പാസ് മെഷീന്‍ ഉപയോഗിക്കാതെയുമാണ് ടാവിയില്‍ ഹൃദയ വാല്‍വ് മാറ്റിവയ്ക്കുന്നത്.
ഉച്ചക്ക് 12.30 ന് ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റായ ഡോ. ഷഫീഖ് മാട്ടുമ്മലിന്റെ  നേതൃത്വത്തില്‍ ആരംഭിച്ച ടാവി ചികിത്സയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. അനില്‍ സലീമിനു പുറമേ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലെ കാര്‍ഡിയോളജി പ്രോഫസറായ ഡോ ലാര്‍സ് സണ്ടര്‍ഗാര്‍ഡും പങ്കെടുത്തു.
ട്രാന്‍സ്‌കത്തീറ്റര്‍ അയോട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ (ടാവി) എന്ന പുതിയ രീതി വികസിപ്പിച്ചെടുത്തതോടെ കാര്‍ഡിയോവാസ്‌കുലാര്‍ ശസ്ത്രക്രിയയില്‍ ഏറെ മാറ്റങ്ങള്‍ സാദ്ധ്യമായിട്ടുണ്ടെന്ന് ഡോ. ഷഫീഖ് മാട്ടുമ്മല്‍ പറഞ്ഞു. 
ഹൃദയ ശസ്ത്രക്രിയകളുടെ മുഖച്ഛായ തന്നെ മാറ്റാന്‍ കെല്‍പ്പുള്ളതാണ് ടാവി സാങ്കേതിക വിദ്യയെന്ന് ആസ്റ്റര്‍ മിംസ് സിഇഒ ഡോ. രാഹുല്‍ മേനോന്‍ പറഞ്ഞു.