കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ മികച്ച സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്: വ്യോമയാന മന്ത്രാലയം

September 26, 2018 0 By Editor

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ തൃപ്തി അറിയിച്ച് വ്യോമയാനമന്ത്രാലയം. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കാനുള്ള നടപടികളുടെ ഭാഗമായി പരിശോധനയ്ക്ക് എത്തിയഉദ്യോഗസ്ഥര്‍ മികച്ച സംവിധാനങ്ങളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്തുകൊണ്ട് വ്യോമയാന മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ സെപ്റ്റംബര്‍ 13ന് ശേഷം നടന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. വിമാനത്താവളത്തില്‍ രണ്ടു ദിവസം നടത്തിയ വിദഗ്ധപരിശോധന തൃപ്തികരമായിരുന്നുവെന്ന് ഡി.ജി.സി.എ. ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പരമാവധി വേഗത്തില്‍ തന്നെ വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കും എന്ന് മന്ത്രാലയം അറിയിച്ചു. സംസ്ഥാന ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍, കണ്ണൂര്‍ വിമാനത്താവളം എംഡി വി.തുളസീദാസ്, സ്‌പെഷ്യല്‍ ഓഫീസര്‍ വിജയകുമാര്‍, എന്‍ജിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് കെ.പി.ജോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.