കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുത്തത് യൂസഫലിയല്ല: അല്ലു അടങ്ങുന്ന തെലുങ്ക് താരസംഘം

September 17, 2018 0 By Editor

കൊച്ചി: തെലുങ്ക് നടന്‍മാരായ ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവരടങ്ങുന്ന ഐക്വസ്റ്റ് ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങി. കേരള ബ്ലാസ്റ്റേഴ്‌സില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ഓഹരികള്‍ ഇവര്‍ ഏറ്റെടുത്തതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫ് അലി സച്ചിന്റെ ഓഹരികള്‍ ഏറ്റെടുത്തുവെന്നത് വ്യാജവാര്‍ത്തയാണെന്നും ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്നും സച്ചിന്‍ പിന്മാറിയെന്നത് സത്യമാണ്, പക്ഷെ സച്ചിന്റെ പേരിലുള്ള 20 ശതമാനം ഓഹരി പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയെന്ന വാര്‍ത്ത തള്ളുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

2014ല്‍ ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ സഹ ഉടമ എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായുണ്ടായിരുന്ന ബന്ധമാണ് സച്ചിന്‍ അവസാനിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സില്‍ 40 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്ന സച്ചിന്‍ നേരത്തേ 20 ശതമാനം ഓഹരികള്‍ കൈമാറിയിരുന്നു. ശേഷിച്ചിരുന്ന 20 ശതമാനം ഓഹരികള്‍ കൂടി ടീമിന്റെ മറ്റ് ഉടമകളായ ഐക്വസ്റ്റ് ഗ്രൂപ്പ്, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് ഏറ്റെടുത്തതോടെ മാസ്റ്റര്‍ ബ്ലാസ്റ്ററും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ബന്ധം പൂര്‍ണമായി അവസാനിച്ചു.

സച്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ടീമുടമകള്‍ ഐകകണ്‌ഠേന തീരുമാനിക്കുകയായിരുന്നുവെന്ന് വിശദീകരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്, സച്ചിന്റെ പിന്മാറ്റത്തിനുപിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. സച്ചിന്റെ പിന്തുണയ്ക്കും സംഭാവനകള്‍ക്കും കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നന്ദി അറിയിച്ചു. സച്ചിന്‍ എന്നും മഞ്ഞപ്പടയുടെ ഭാഗമായിരിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.

കഴിഞ്ഞ നാലു സീസണുകളില്‍ ആത്മവിശ്വാസവും പ്രചോദനവുമായി ടീമിന്റെ കൂടെയുണ്ടായിരുന്ന സച്ചിന്റെ പിന്‍വാങ്ങല്‍ ആരാധകര്‍ക്ക് കടുത്ത നിരാശ പകരുന്നതാണ്. സച്ചിന്റെ അസാന്നിധ്യം ആവേശം കുറയ്ക്കുമെങ്കിലും നല്ല പ്രകടനം പുറത്തെടുത്താല്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ക്ക് കാണികളുണ്ടാവുമെന്നും മുന്‍ ഇന്ത്യന്‍ താരം ഐ.എം.വിജയന്‍ പ്രതികരിച്ചു.