പത്ത് വര്‍ഷത്തിനു ശേഷം തളികകല്ല് ആദിവാസികോളനിയിലെ കുട്ടികള്‍ വിദ്യാലയത്തിലേക്ക്

പത്ത് വര്‍ഷത്തിനു ശേഷം തളികകല്ല് ആദിവാസികോളനിയിലെ കുട്ടികള്‍ വിദ്യാലയത്തിലേക്ക്

June 3, 2018 0 By Editor

മംഗലംഡാം: പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വനത്തിനകത്തുള്ള തളികകല്ല് ആദിവാസികോളനിയില്‍നിന്നും എട്ടുകുട്ടികള്‍ കടപ്പാറ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ഒന്നാംക്ലാസിലേക്കെത്തി. പ്രധാനാധ്യാപിക ശ്രീലത, അധ്യാപകരായ ലിസി വര്‍ഗീസ്, സി.അരവിന്ദാക്ഷന്‍ തുടങ്ങിയവരുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് കോളനിയില്‍ കഴിഞ്ഞിരുന്ന കുട്ടികളെ സ്‌കൂളിലെത്തിക്കാനായത്.

കടപ്പാറയില്‍നിന്നും നാലുകിലോമീറ്ററോളം മാറി കാട്ടിനുള്ളിലാണ് തളികകല്ലില്‍ കാടര്‍ വിഭാഗത്തില്‍പെടുന്ന ആദിവാസി കുടുംബങ്ങള്‍ കഴിയുന്നത്. അറുപതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. എണ്‍പതിലേറെ കുട്ടികള്‍ ഇവിടെയുണ്ട്. കുട്ടികള്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ള വിവിധ ട്രൈബല്‍ ഹോസ്റ്റലുകളില്‍നിന്നു പഠിക്കുന്നുണ്ടെങ്കിലും കുറേപേര്‍ ഇന്നും നിരക്ഷരുടെ സമൂഹമായി മാറുന്ന സ്ഥിതിയാണ്.

കോളനിയില്‍നിന്നും കടപ്പാറയ്ക്കുള്ള കാട്ടുവഴിയില്‍ പോത്തംതോട് ഭാഗത്ത് തോടുമുറിച്ചു കടക്കേണ്ടിവരുന്നതിനാല്‍ മഴക്കാലം യാത്ര ദുര്‍ഘടമാകും. പത്തുവര്‍ഷംമുമ്പ് തോടുമുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. സ്‌കൂള്‍ യാത്ര അപകടയാത്രയായതിനാല്‍ കുട്ടികളെ വിടാന്‍ രക്ഷിതാക്കള്‍ക്കും പേടിയാണ്.

കടപ്പാറയില്‍നിന്നും കോളനിയിലേക്ക് റോഡുനിര്‍മാണം നടക്കുന്നുണ്ടെങ്കിലും പോത്തംതോടിനു കുറുകേയുള്ള പാലം നിര്‍മാണം ആരംഭിച്ചിട്ടില്ല. റോഡുപണി നടത്തുന്ന കരാറുകാരന്‍ അനുവദിച്ച ഫണ്ട് കൈമാറാതെ നീട്ടിക്കൊണ്ടു പോകുന്നതിനാല്‍ റോഡുപണി പൂര്‍ത്തീകരണവും പാലം പണിയും ഇനിയും നീളുകയാണ്. ഇതിനാല്‍ ഈ മഴക്കാലവും തളികകല്ലിലെ ആദിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള കടപ്പാറ യാത്ര കഷ്ടപ്പാട് നിറഞ്ഞതാകും.

പട്ടികവര്‍ഗ വികസനവകുപ്പിന്റെ ഗോത്രസാരഥിയെന്ന പദ്ധതിയില്‍ കോളനിയില്‍നിന്നും വരാനായി ജീപ്പ് തരപ്പെടുത്തിയാണ് കുട്ടികളെ സ്‌കൂളിലെത്തിക്കുന്നത്. സ്‌കൂളിലേക്കു വരാനും തിരിച്ചു പോകാനുമായി ജീപ്പിന് വാടകയായി ദിവസം 1500 രൂപവരും. പട്ടികവര്‍ഗ വകുപ്പില്‍നിന്നും ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞദിവസം അധ്യാപകര്‍ തന്നെ പണമെടുത്താണ് കുട്ടികളെ കൊണ്ടുവന്നത്.

തോട്ടില്‍ വെള്ളമാകുന്നതുവരെ ഇങ്ങനെ യാത്ര തുടരാനാകും. മലയിലേക്ക് കുത്തനെയുള്ള കയറ്റങ്ങളായതിനാല്‍ ഫോര്‍വീല്‍ ജീപ്പ് മാത്രമേ കയറൂ. തളികകല്ലിലെ ആദിവാസി കുട്ടികള്‍ക്കായാണ് ഒന്നര പതിറ്റാണ്ടുമുമ്പ് കടപ്പാറയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ തുടങ്ങിയത്. ആദ്യവര്‍ഷങ്ങളില്‍ തളികകല്ലില്‍നിന്നും കുട്ടികള്‍ എത്തിയിരുന്നെങ്കിലും കാട്ടുവഴിയുള്ള പിഞ്ചുകുട്ടികളുടെ തനിച്ചുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ മാതാപിതാക്കള്‍ പിന്നെ കുട്ടികളെ വിടാതായി.
സ്‌കൂളിനോടു ചേര്‍ന്നു കുട്ടികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.