പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസമേകാൻ സഹകരണ വകുപ്പിൻ്റെ കർമ്മ പദ്ധതി

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസമേകാൻ സഹകരണ വകുപ്പിൻ്റെ കർമ്മ പദ്ധതി

November 29, 2018 0 By Editor

വടക്കാഞ്ചേരി: പെരും പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസമേകാൻ സഹകരണ വകുപ്പിൻ്റെ കർമ്മ പദ്ധതി. വീടും സ്വത്തുവഹകളും, ജീവനോപാധികളും, നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി സഹകരണ വകുപ്പ് കോപ്പറേറ്റീവ് അലൈൻസ് ടു റീ ബിൽ കേരള എന്ന പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ ടി.വി.അനുപമ വാർത്താ ലേഖകരോട് പറഞ്ഞു.കെയർ കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി കെയർ ഹോം, കെയർ ലോൺ, കെയർ ഗ്രേയ്സ് എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. ദുരന്തത്തിൽ സമ്പൂർണ്ണമായി വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി യാ ണ് കെയർ ഹോം. ആദ്യഘട്ടത്തിൽ രണ്ടായിരം കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ചു നൽകുക. തൃശ്ശൂർ ജില്ലയിൽ 460 വീടുകൾ നിർമ്മിക്കും. 500 സ്ക്വയർ ഫീറ്റിൽ കുറയാത്തതും, ഭാവിയിൽ വിസ്തീർണ്ണം വർദ്ധിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതുമാകും വീടുകൾ. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം 90 തൊഴിൽ ദിനങ്ങൾ ഭവന നിർമ്മാണത്തിന് നൽകമെന്നും കളക്ടർ അറിയിച്ചു.

ഓരോ വീടുകളുടെ നിർമ്മാണത്തിലും, ഓരോ ഗുണഭോക്തൃ സമിതിക്ക് രൂപം നൽകും. ജില്ലാ കളക്ടർ ചെയർമാനും , സഹകരണ സംഘം ജോയിൻ്റ് റജിസ്ട്രാർ കൺവീനറുമായ ജില്ലാതല സമിതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും ‘ലൈഫ് മിഷനിൽ ഉൾപ്പെടുത്തി നടത്തി വരുന്ന ഭവന നിർമ്മാണ പദ്ധതിയ്ക്കായി രൂപകല്പന ചെയ്തിട്ടുള്ള പന്ത്രണ്ട് മാതൃകകളിൽ നിന്നോ സഹകരണ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ആറോളം രൂപകല്പനകളിൽ നിന്നോ വീടിൻ്റെ മാതൃകകൾ തിരഞ്ഞെടുക്കുന്നതിന് അവസരമുണ്ടാകുമെന്നും കളക്ടർ പറഞ്ഞു. അടുത്ത മാസം ചാലക്കുടിയിൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്നും കളക്ടർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.