വയോത്സവ് 18

May 9, 2018 0 By Editor

കോഴിക്കോട്: വയോജനങ്ങളുടെ സംരംക്ഷണത്തിനും സഹായത്തിനുമായി രൂപം കൊണ്ട ലിവിങ്ങ് ലൈഫ് ട്രസ്റ്റിന്റെ അഞ്ചാം വാര്‍ഷികവും വയോജനങ്ങള്‍ക്കായി ആരംഭിച്ച പകല്‍ വീട് തറവാടിന്റെ ഒന്നാം വാര്‍ഷികവും ‘വയോത്സവ് 2018’ എന്ന പേരില്‍ 12ന് ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടക്കാവ് ഗവ. ജി വി എച്ച് എസ് എസില്‍ വിപുലമായ പരിപാടികളോടെയാണ് ‘വയോത്സവ് ‘ നടത്തുന്നത്.

വയോജനങ്ങളൊരുക്കുന്ന കരകൗശല മേള, ഭക്ഷ്യമേള എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. ഇതോടൊപ്പം നിയമ സഹായ വേദിയും ഒരുക്കിയിട്ടുണ്ട്. ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ മെഡിക്കല്‍ ക്യാമ്പ് ഉണ്ടാകും. തിരുവാതിര, ഒപ്പന, നാടകം തുടങ്ങി വയോജനങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാവും.

പകല്‍ 11ന് പരിപാടി ഡോ. എംജിഎസ് നാരായണന്‍ ഉദ്ഘാടനം ചെയ്യും. തറവാട് എന്ന പേരിലുള്ള സുവനീര്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ പ്രകാശനം ചെയ്യും. കരകൗശല മേള ഡോ. എം കെ മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വയോജനങ്ങള്‍ ഒറ്റപ്പെട്ട് വീട്ടിനുള്ളില്‍ കഴിയേണ്ടിവരില്ലെന്ന തിരിച്ചറിവിലാണ് വയോത്സവ് നടത്തുന്നതെന്ന് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡാര്‍ളിന്‍ പി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇതിനകം 76 കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ വര്‍ഗീസ് പോള്‍, കെ പി ഹരിദാസ്, മേരി കെ തോമസ് എന്നിവര്‍ പങ്കെടുത്തു.