വയനാട് മാനന്തവാടിയിൽ വനവാസി യുവാവിനോട് കാർ യാത്രക്കാരുടെ കൊടുംക്രൂരത ; മാതനെ കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്റർ - രണ്ട് ഉപ്പൂറ്റിയും പൊട്ടി, ശരീരത്തിൽ മുഴുവൻ മുറിവുകൾ

മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസിന്റെ കാർ കസ്റ്റഡിയിൽ

Update: 2024-12-16 10:21 GMT

വയനാട്: മാനന്തവാടിയിൽ വനവാസി യുവാവിനോട് കാർ യാത്രക്കാരുടെ കൊടുംക്രൂരത. മാതൻ എന്ന യുവാവിനെ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു വിനോദസഞ്ചാരികൾ. മാനന്തവാടിയിലെ പയ്യമ്പള്ളിയിലാണ് സംഭവം. അര കിലോമീറ്ററോളമാണ് യുവാവിനെ വലിച്ചിഴച്ചത്. വിനോദസഞ്ചാരികളുടെ വാക്കുതർക്കം പരിഹരിക്കാൻ ശ്രമിക്കുമ്പോഴായിരിന്നു അതിക്രമം. സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പരിക്കേറ്റ മാതൻ ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമത്തിൽ യുവാവിന് വലിയ പരിക്കുകളാണുണ്ടായത്. രണ്ട് ഉപ്പൂറ്റിയും ആഴത്തിൽ മുറിവേറ്റു. കൈകൾക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കാർ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുറ്റിപ്പുറ സ്വദേശികളാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ‌‌‌‌‌

സ്ഥലത്തെത്തിയ മറ്റൊരു വിനോദസഞ്ചാരികളുമായി അക്രമികൾ വാക്കുതർക്കത്തിലേർപ്പെടുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഇത് തടയുന്നതിനിടെയാണ് മാതനെ സംഘം അക്രമിച്ചത്. മാതന്റെ കയ്യിൽ പിടിച്ചുകൊണ്ട് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്.

ഒരുപാട് തവണ നിർത്താൻ പറഞ്ഞിട്ടും അവർ കേട്ടില്ലെന്നും തനിക്കെതിരെയുണ്ടായ ആക്രമണം മനപൂർവ്വമാണെന്നും മാതൻ പ്രതികരിച്ചു. മദ്യപിക്കാൻ വന്നവരാണ് അവർ. ബ​ഹളം കേട്ടാണ് അവിടേക്ക് പോയത്. കാര്യം എന്താണ് ചോദിച്ചത് പോലുമില്ല. വെറുതെ നിന്നതാണ്. അപ്പോഴേക്കും പെട്ടെന്ന് എന്നെ വണ്ടിയിലേക്ക് വലിച്ചിട്ട് കാറും കൊണ്ടുപോയി. ശരീരത്തിൽ ഒരുപാട് മുറിവുകളുണ്ടെന്നും മാതൻ മാധ്യമങ്ങളോട്   പറഞ്ഞു.

Tags:    

Similar News