‘ധൈര്യമുണ്ടെങ്കില്‍ എനിക്കെതിരെ നടപടിയെടുക്ക്’: ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

April 23, 2018 0 By Editor

പട്‌ന: ബിജെപിയെ വെല്ലുവിളിച്ച് പാര്‍ട്ടി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കാനാണ് സിന്‍ഹ നേതൃത്വത്തിന് മുന്നിലുയര്‍ത്തിയ വെല്ലുവിളി. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടതിനു തൊട്ടുപിന്നാലെയാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ വെല്ലുവിളി. ബിഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ നടപടിയെടുക്കുമെന്നു പാര്‍ട്ടിയില്‍ നിന്ന് നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണെന്നാണ് സിന്‍ഹ പറയുന്നത്.

സ്വയം രാജിവെച്ചു പോകുമെന്ന് കരുതേണ്ട. ബിജെപി നേതൃത്വത്തിന് തനിക്കെതിരെ നടപടിയെടുക്കാമെന്നും സിന്‍ഹ പറഞ്ഞു. യശ്വന്ത് സിന്‍ഹ രൂപീകരിച്ച രാഷ്ട്ര മഞ്ചിന്റെ ദേശീയ കണ്‍വന്‍ഷനിലായിരുന്നു സിന്‍ഹയുടെ പ്രതികരണം. തന്റെ ആദ്യത്തെയും അവസാനത്തെയും പാര്‍ട്ടിയാണെന്നും ബിജെപിയെന്നും പാര്‍ട്ടിയില്‍ നില്‍ക്കുന്നിടത്തോളം അന്തസ്സ് കാത്തുസൂക്ഷിക്കുമെന്നും സിന്‍ഹ പറഞ്ഞു.

അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭാംഗമായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ. 2015ലെ ബിഹാര്‍ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് ഇദ്ദേഹം. ജിഎസ്ടി, നോട്ടുനിരോധനം, കശ്മീരുമായി ബന്ധപ്പെട്ട കേന്ദ്ര നയം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിയുടേതിനു വിരുദ്ധമായിരുന്നു ശത്രുഘ്‌നന്റെ നിലപാടുകള്‍.