ജിമെയില്‍ മെയിലുകളെല്ലാം ഇനി സ്വയം നശിക്കും: പുതിയ ഫീച്ചറുമായി ഗൂഗിള്‍

April 23, 2018 0 By Editor

ഗൂഗിളിന്റെ ജനപ്രിയ ഇ–മെയില്‍ സര്‍വീസായ ജിമെയിലില്‍ ഒരു പിടി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണു കമ്പനി. അതിലൊന്നാണ് തനിയെ നശിക്കുന്ന (selfdetsructing) മെസേജ്. തങ്ങള്‍ ഇങ്ങനെയൊന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്ന കാര്യം ഗൂഗിള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

അയയ്ക്കുന്ന മെയില്‍ ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ വായിക്കാന്‍ പറ്റാതാകുന്നതാണ് ഇതിന്റെ പ്രധാന ഗുണം. കൂടാതെ ഈ മെസേജ് ഫോര്‍വേഡ് ചെയ്യാനോ, കോപ്പി ചെയ്യാനോ സാധിക്കില്ല. പക്ഷേ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കുമെന്നാണ് മനസ്സിലാക്കുന്നത്. മെസേജ് അയക്കുമ്പോള്‍ തന്നെ മെയില്‍ എപ്പോള്‍ നശിക്കണമെന്ന കാര്യവും തീരുമാനിക്കാം.

വരുന്ന മെയിലില്‍ കോണ്‍ഫിഡന്‍ഷ്യല്‍ മോഡ് എന്ന ഐക്കണ്‍ ഉണ്ടെങ്കില്‍ തീരുമാനിക്കാം ഇത് ഫോര്‍വേഡു ചെയ്യാനോ കോപ്പി ചെയ്യാനോ ഡൗണ്‍ലോഡു ചെയ്ത് പ്രിന്റ് എടുക്കാനോ മറ്റേതെങ്കിലും രീതിയില്‍ ഷെയറു ചെയ്യാനോ സാധ്യമല്ലെന്ന കാര്യം. എത്ര കാലം കഴിയുമ്പോള്‍ മെയില്‍ നശിക്കണമെന്ന കാര്യവും അയയ്ക്കുന്നയാള്‍ തീരുമാനിക്കുന്ന രീതിയിലാണല്ലോ ഒരാഴ്ച, ഒരു മാസം, പല വര്‍ഷങ്ങള്‍ അങ്ങനെ നീളും കാലാവധി. എന്നാല്‍ ഈ മെയില്‍ ലഭിക്കുന്നയാള്‍ മറ്റേതെങ്കിലും മെയില്‍ സര്‍വീസ് (ഉദാഹരണം മൈക്രോസോഫ്റ്റ് ഔട്‌ലുക്ക്) ആണ് ഉപയോഗിക്കുന്നതെങ്കില്‍ എന്താകും സ്ഥിതി എന്നതിനെക്കുറിച്ചും ഇപ്പോള്‍ പറയാനാവില്ല.

എന്നാല്‍ ജിമെയില്‍ ഉപയോക്താവ് ജിമെയില്‍ ഉപയോക്താവിന് അയയ്ക്കുന്ന മെയിലുകളില്‍ സ്വയം നശിക്കുന്ന മെയിലുകള്‍ വരുന്നുവെന്ന് ഉറപ്പിക്കാം. കൂടാതെ ഈ മെയിലുകള്‍ ഒന്നും എന്‍ക്രിപ്റ്റഡ് ആണെന്നും ഗൂഗിള്‍ ഒരിടത്തും പറയുന്നില്ല.

അതൊക്കെ എന്താണെന്ന് കൃത്യമായി അറിയണമെങ്കില്‍ ഈ വര്‍ഷം നടക്കാന്‍ പോകുന്ന ഗൂഗിള്‍ IO കോണ്‍ഫറന്‍സ് വരെ കാത്തിരിക്കണം. പുതിയ മെയിലില്‍ ഗൂഗിള്‍ കലണ്ടറും നേരിട്ട് ലഭ്യമാക്കുമെന്നാണ് അറിയുന്നത്. ഇമെയില്‍ സ്‌നൂസ് ചെയ്യാനുള്ള അവസരവും പുതിയ മെയിലില്‍ ലഭ്യമാക്കുമത്രെ. ഓഫ്‌ലൈനായി മെയിലുകള്‍ സ്റ്റോറു ചെയ്യാനുള്ള ഓപ്ഷനും കൊണ്ടുവന്നേക്കുമെന്നാണ് അറിയുന്നത്. പുതിയ ഫീച്ചറുകള്‍ ആദ്യം കുറച്ചു പേര്‍ക്കും പിന്നെ മുഴുവന്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നാണ് അറിയുന്നത്.

ഗൂഗിളിന്റെ പ്രധാന പ്രതിയോഗികളില്‍ ഒരാളായ മൈക്രോസോഫ്റ്റും തങ്ങളുടെ മെയില്‍ ബോക്‌സിനു മാറ്റങ്ങള്‍ വരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സെല്‍ഫ്ഡിസ്ട്രക്ടിങ് പോലെയുള്ള ഫീച്ചറുകള്‍ ഉണ്ടാകുമോ എന്നറിയില്ല. എന്നാല്‍, സ്വകാര്യതയ്ക്കു പ്രാധാന്യം നല്‍കുന്ന കമ്പനികള്‍ എന്ന നിലയില്‍ മൈക്രോസോഫ്റ്റിനും ആപ്പിളിനുമെല്ലാം അവരുടെ സ്ഥാനമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപയോക്താക്കളുടെ മെയിലുകളെല്ലാം തങ്ങള്‍ വായിക്കുമെന്ന് ഗൂഗിള്‍ സമ്മതിച്ച ഉടനെ മൈക്രോസോഫ്റ്റ് ‘തങ്ങള്‍ വായിക്കില്ല’ എന്നു പറഞ്ഞ് പരസ്യം ചെയ്തിരുന്നു.