നിയമ വിരുദ്ധമായി ശീട്ടുകളി ; കേസ് ഹൈകോടതി റദ്ദാക്കി

നിയമ വിരുദ്ധമായി ശീട്ടുകളി ; കേസ് ഹൈകോടതി റദ്ദാക്കി

September 15, 2018 0 By Editor

കൊച്ചി: നിയമവിരുദ്ധമായി ശീട്ടുകളിച്ച കേസ് ഹൈകോടതി റദ്ദാക്കി. പക്ഷെ പോലീസ് പിടിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ ഹൈകോടതി നിര്‍ദേശിച്ചു. മലപ്പുറം വണ്ടൂര് പൊലീസ് 2018ല്‍ ഫെബ്രുവരിയില്‍ നടത്തിയ പരിശോധനക്കിടെ ഡൊമിനോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബില്‍നിന്ന് ശീട്ടുകളി സംഘത്തെ പിടികൂടി 6200 രൂപ പിടിച്ചെടുത്തിരുന്നു. പണംവെച്ച് ചൂതുകളിച്ചെന്ന പേരില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്തു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ലോഡ്ജ് മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലബില്‍ നിന്നാണ് തങ്ങളെ പിടികൂടിയതെന്നായിരുന്നു ഹരജിക്കാരുടെ വാദം.

പൊതുസ്ഥലത്ത് പണംവെച്ച് ശീട്ടുകളിച്ചാലാണ് നിയമവിരുദ്ധമാവുകയെന്ന് കോടതി ഉത്തരവുള്ളതാണ്. സ്വകാര്യ ക്ലബ് പൊതുസ്ഥലമായി കണക്കാക്കാനാവില്ല. റമ്മികളി നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും വാദിച്ചു. പൊലീസ് നടപടി കേരള ഗെയിമിങ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് റദ്ദാക്കുകയായിരുന്നു.

കേസ് റദ്ദാക്കിയശേഷം പിടിച്ചെടുത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ നിര്‍ദേശിക്കണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ അഭ്യര്‍ഥന പരിഗണിച്ച കോടതി, ഇതിന് ഹര്‍ജിക്കാരുടെ സമ്മതം വാങ്ങി. തുടര്‍ന്ന് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്ന് കീഴ്‌കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.