കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞു കൊന്നു

കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞു കൊന്നു

May 3, 2024 0 By Editor

എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് പൊലീസ് അറിയിച്ചു. ആൺകുഞ്ഞിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചു.

സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് ഒരു പൊതി റോഡിലേക്കു വന്നു വീഴുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. രാവിലെ എട്ടേകാലോടെയാണു സംഭവം. റോഡിലേക്ക് എന്തോ വന്നു വീണതു കണ്ട് എത്തിയവർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ആരാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് എന്നത് കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.

21 ഫ്ലാറ്റുകളാണ് പ്രദേശത്ത് ആകെയുള്ളത്. ഇതിൽ മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ താമസക്കാരൊന്നും ഇല്ലായിരുന്നു എന്നാണ് സമീപത്തുള്ളവർ പറയുന്നത്. ആരെങ്കിലും അവിടേക്ക് ഈ ദിവസങ്ങളിൽ വന്നിട്ടുണ്ടോ എന്നും ജോലിക്കാർ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നു.

ഇവിടെ ഗര്‍ഭിണികളായി ആരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവര്‍ത്തക പൊലീസിനോട് പറഞ്ഞു. ഫ്ലാറ്റില്‍ അസ്വാഭാവികമായി ആരെയും കണ്ടിട്ടില്ലെന്ന് സുരക്ഷാജീവനക്കാരനും മൊഴി നൽകി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam