പ്രസവം പുലര്‍ച്ചെ, യുവതി വിവാഹിതയല്ല”കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പോലീസ്

പ്രസവം പുലര്‍ച്ചെ, യുവതി വിവാഹിതയല്ല”കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പോലീസ്

May 3, 2024 0 By Editor

എറണാകുളം പനമ്പിള്ളി നഗറില്‍ നവജാതശിശുവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി കുറ്റം സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. യുവതി പീഡനത്തിന് ഇരയായതായി സംശയിക്കുന്നു. അതിജീവിത കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും കഴിഞ്ഞാലേ മരണകാരണം വെളിപ്പെടുത്താനാകൂ എന്നും കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു.

മാതാപിതാക്കള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് പ്രാഥമിക വിവരം. പ്രസവം നടന്ന് മൂന്നുമണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ താഴേക്ക് വലിച്ചെറിയുന്നത്. മാതാപിതാക്കളുടെ അറിവോടെയല്ല സംഭവം നടന്നതെന്നാണ് അന്വേഷണത്തില്‍ ഇതുവരെ മനസ്സിലായിട്ടുള്ളത്. കുട്ടി ചാപിള്ളയായിരുന്നോ, ജനിച്ചശേഷം കൊലപ്പെടുത്തിയതാണോ എന്ന് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ.

പെണ്‍കുട്ടി മൈനര്‍ അല്ലെന്നും 23 വയസ്സുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ബലാത്സംഗം നടന്നിട്ടുണ്ടെന്ന സംശയമുള്ളതിനാല്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. പീഡനം നടന്നിട്ടുണ്ടോ എന്നതിലടക്കം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. രാവിലെ അഞ്ചരയോടെയാണ് പ്രസവം നടന്നത്. ഡോര്‍ പൂട്ടിയിട്ട് ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

സംഭവത്തില്‍ അതിജീവിതയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. യുവതി വിവാഹിതയല്ല. യുവതിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കും. കൊലപാതകക്കേസായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. കൊച്ചിയെ നടുക്കി ഇന്നു രാവിലെ ഏട്ടേകാലോടെയാണ് പനമ്പള്ളിനഗറിലെ ഫ്ലാറ്റിന് സമീപത്ത് റോഡില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തുന്നത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam