ഇന്ധനവില വര്‍ധന; ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

ഇന്ധനവില വര്‍ധന; ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

September 17, 2018 0 By Editor

തൃശൂര്‍: ഇന്ധനവില വര്‍ധന നേരിടാനാവാതെ ബസുടമകള്‍ സര്‍വിസ് നിര്‍ത്തുന്നു. അറ്റകുറ്റപ്പണിക്കെന്ന പേരില്‍ ബസുകള്‍ ഷെഡില്‍ കയറ്റിയിടാനാണ് തീരുമാനം. അതിനായി ജി.ഫോം സമര്‍പ്പിക്കും. അങ്ങനെ ചെയ്താല്‍ റോഡ് നികുതിയൊഴിവാകും. സെപ്റ്റംബര്‍ 30 മുതല്‍ പെര്‍മിറ്റുകള്‍ നിലനിര്‍ത്തി ബസുകള്‍ കയറ്റിയിടും.

മറ്റ് ജോലികളില്‍ നോക്കിക്കൊള്ളാന്‍ തൊഴിലാളികള്‍ക്ക് ഉടമകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരുമാനം പരസ്യമായാല്‍ വന്‍ എതിര്‍പ്പിനിടയാക്കുമെന്നതിനാല്‍ ഓരോരുത്തരും സ്വകാര്യമായി ചെയ്യണമെന്നാണ് ബസുടമകളുടെ സംഘടനയുടെ നിര്‍ദേശം. 15 ാം തീയതി ശനിയാഴ്ച വരെ സംസ്ഥാനത്തെ ആര്‍.ടി.ഓഫിസുകളില്‍ നിന്ന് ജി.ഫോം വാങ്ങിയത് 1632 പേരാണ്. റോഡ് നികുതിയൊഴിവാക്കി നല്‍കുന്നതിനുള്ളതാണ് ജി.ഫോം. 30 വരേക്ക് സമയമുള്ളതിനാല്‍ എണ്ണം കൂടാനാണ് സാധ്യത. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ദിനംപ്രതി ഉയരുന്ന ഇന്ധനവില പ്രതിസന്ധിയിലാക്കുകയാണെന്നും ചിലവ് മുട്ടുന്നില്ലെന്നുമാണ് ബസുടമകള്‍ പറയുന്നത്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തില്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടാല്‍ വലിയ ജനകീയ എതിര്‍പ്പിന് ഇടയാക്കുമെന്നതിനാലാണ്ണ് ബസ് കയറ്റിയിടാന്‍ ഉടമകള്‍ തീരുമാനിച്ചത്.

ഇതോടൊപ്പം സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍, ഇതര സംസ്ഥാനക്കാര്‍, സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരും വലയും. ഇന്ധനവില വര്‍ധനവിനെതിരെ സ്വന്തം പക്ഷത്ത് നിന്നു തന്നെ പ്രതിഷേധമുയരുന്ന സാഹചര്യത്തിലും മഹാരാഷ്ട്ര, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിലും വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ബസുടമകള്‍. അതുകൊണ്ടാണ് പെര്‍മിറ്റ് റദ്ദാക്കാതെ ബസ് കയറ്റിയിടാനുള്ള നീക്കം.