തേനിയില്‍ ദളിത്-മുസ്ലിം സംഘട്ടനം ;മുപ്പതോളം പേര്‍ക്ക് പരിക്ക്. മുസ്ലിങ്ങളുടെ 50 വീടുകള്‍ തകര്‍ത്തു

May 7, 2018 0 By Editor

തേനി: കേരള-തമിഴ്നാട് അതിര്‍ത്തിയായ തേനിയില്‍ ദളിത്-മുസ്ലിം സംഘട്ടനം. 30 പേര്‍ക്ക് പരിക്ക്. മുസ്ലിങ്ങളുടെ 50 വീടുകള്‍ തകര്‍ത്തു. മൂന്നു വാഹനങ്ങള്‍ കത്തിച്ചു. സംഘര്‍ഷാവസ്ഥ തുടരുകയാണ്. പരിക്കേറ്റവരെ ജയമംഗളം, പെരിയാകുളം സര്‍ക്കാര്‍ ആശുപത്രികളിലാക്കി. പ്രായമായി മരിച്ച വണ്ണിയമ്മാളിന്റെ ജഡം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്ര പെരിയാകുളത്തെ ബൊമ്മിനായിക്കപ്പട്ടി ഗ്രാമത്തില്‍ നിശ്ചയിച്ചു. യാത്ര കടന്നു പോകേണ്ടത് മുസ്ലിം തെരുവിലൂടെയായിരുന്നു. ഇതെച്ചൊല്ലിയുള്ള തര്‍ക്കവും വഴക്കും ശനിയാഴ്ച രൂക്ഷ സംഘട്ടനത്തിലെത്തുകയായിരുന്നു. ഗ്രാമത്തിലെ മരണവേളയില്‍ അന്ത്യയാത്ര നടക്കാറുള്ള പതിവു വഴിയില്‍ അതേസമയം മറ്റൊരു അന്ത്യയാത്ര നടക്കുന്നതിനാലാണ് ഈ വഴി നിശ്ചയിച്ചത്. യാത്ര മുസ്ലിം തെരുവിലെത്തിയപ്പോള്‍ ചിലര്‍ തടഞ്ഞു. ചെറിയ സംഘര്‍ഷം ഉണ്ടായി. ഏപ്രില്‍ 24 നായിരുന്നു സംഭവം. പോലീസെത്തി ഇരുകൂട്ടരേയും സമാധാനിപ്പിച്ചു. വണ്ണിയമ്മാളിന്റെ അന്ത്യയാത്ര പൂര്‍ത്തിയാകുകയും ചെയ്തു. തുടര്‍ദിവസങ്ങളില്‍ ചെറിയ തര്‍ക്കങ്ങളും സംഘര്‍ഷവും തുടരുകയായിരുന്നു.
മെയ് അഞ്ചിന്, ശനിയാഴ്ച, സയ്ദ് എന്നയാള്‍ തന്റെ തെങ്ങിന്‍തോപ്പിലേക്കു പോകുമ്പോള്‍ ദളിത വിഭാഗത്തില്‍പെട്ട ചിലര്‍ അവരുടെ പ്രദേശത്തുകൂടി പോകുന്നത് വിലക്കി. തുടര്‍ന്ന് ഇരു വിഭാഗം തര്‍ക്കത്തില്‍ ഇടപെട്ടു. പരസ്പരം കല്ലെറിയലും വടികൊണ്ട് ആക്രമിക്കലും നടന്നു. അതിനു പിന്നാലെ ഒരു ജനക്കൂട്ടം മുസ്ലിം തെരുവിലെത്തി കല്ലേറു നടത്തി. വീടുകളും കടകളും തകര്‍ത്തു. രണ്ട് കടകളും ഫോട്ടോ സ്റ്റുഡിയോയും നശിപ്പിക്കപ്പെട്ടതായി പോലീസ് പറഞ്ഞു. മുസ്ലിം വീടുകളില്‍ കയറി വീട്ടു സാമഗ്രികളും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും നശിപ്പിച്ചു. ഒട്ടേറെ വീടുകളുടെ ജനാലച്ചില്ലുകള്‍ കല്ലേറില്‍ നശിച്ചു.മുബാറക് അലി എന്ന ആളുടെ കാര്‍ ചിലര്‍ തീവെച്ചു നശിപ്പിച്ചു. പകരം മുരുകന്റെ മോട്ടോര്‍ സൈക്കിളും ഇളങ്കോവന്റെ ഓട്ടോറിക്ഷയും തീവെച്ചു. ഈ സംഭവങ്ങളെ തുടര്‍ന്ന് ഇരുനൂറോളം പോലീസിനെ ഗ്രാമമാകെ വിന്യസിച്ചു. പ്രദേശത്തുനിന്ന് ഒട്ടേറെ പേര്‍ ഓടിപ്പോയിട്ടുണ്ട്.