കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

July 24, 2019 0 By Editor

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് കിലോ എണ്ണൂറ്റി എഴുപത് ഗ്രാം സ്വർണമാണ് മൂന്ന് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്. വിപണിയിൽ രണ്ടര കോടിയിലധികം വില വരുന്ന സ്വർണ്ണം മിശ്രിത രൂപത്തിലാണ് കടത്താൻ ശ്രമിച്ചത്.കരിപ്പൂർ വിമാനത്താവളം വഴി നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 6 കിലോ 870 ഗ്രാം സ്വർണമാണ് കസ്റ്റംസ് എയർ ഇൻറലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത മിശ്രിത രൂപത്തിലായിരുന്നു സ്വർണം. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ മൂന്ന് യാത്രക്കാരാണ് പിടിയിലായത്.

മലപ്പുറം പന്തല്ലൂർ സ്വദേശി ഒറ്റകത്ത് ഉമ്മറിൽ നിന്ന് 2658 ഗ്രാം സ്വർണവും, മഞ്ചേരി മുല്ലപ്പാറ കിണറ്റിങ്ങൽ മുഹമ്മദിൽ നിന്ന് 2670 ഗ്രാം സ്വർണവും, കോഴിക്കോട് കുന്നമംഗലം ചെളളിക്കര നിഷാദിൽ നിന്ന് 1540 ഗ്രാം സ്വർണവുമാണ് കണ്ടെടുത്തത്. മൂന്ന് യാത്രക്കാരും ഒരേ സ്വർണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. വിപണിയിൽ മൊത്തം രണ്ടരക്കോടി വില മതിക്കുന്നതാണ് പിടിച്ചെടുത്ത സ്വർണ്ണം.