കേരളത്തില്‍ ഭാഗികമായ ലോക്ക്ഡൗണ്‍ മെയ് 15 വരെ തുടരണമെന്നു കേന്ദ്രത്തെ അറിയിച്ചതായി മുഖ്യ മന്ത്രി

April 28, 2020 0 By Editor

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ശ്രദ്ധാപൂര്‍വ്വമായ സമീപനം വേണം എന്ന സംസ്ഥാനത്തിന്‍റെ അഭിപ്രായം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാഗികമായ ലോക്ക്ഡൗണ്‍ മെയ് 15 വരെ തുടരാവുന്നതാണ് എന്നാണ് കേരളത്തിന്‍റെ അഭിപ്രായം. അന്തര്‍ ജില്ല, അന്തര്‍ സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കുകയും വേണം.
ടെസ്റ്റിങ്ങിന് വിധേയമാക്കേണ്ട ആളുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പിപിഇ കിറ്റുകളുടെയും മറ്റും ആവശ്യകത കുതിച്ചുയരുകയാണ്.അവയുടെ സമാഹരണത്തിന്‍റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കണം. കേരളത്തില്‍ നിന്നുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുടെയും നഴ്സുമാരുടെയും കാര്യത്തില്‍ കേന്ദ്രം അടിയന്തര ശ്രദ്ധ പതിപ്പിക്കണം. ഇവര്‍ക്ക് ശുചിത്വമുള്ള ക്വാററ്റൈന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നാണ് സംസ്ഥാനത്തിന്‍റെ താല്‍പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.