മൂന്നാം ഘട്ട ലോക്ക്ഡൗണ്‍: കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

മൂന്നാം ഘട്ട ലോക്ക്ഡൗണ്‍: കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

May 1, 2020 0 By Editor

ന്യൂ ഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ സോണുകള്‍ തിരിച്ചാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.
റെഡ് സോണിൽ വിത, വിളവെടുപ്പ്, സംഭരണം, വിപണനം തുടങ്ങി എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും അനുവദിക്കും. ബാങ്ക്, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. വിപണനം ഉള്‍പ്പെടെ തോട്ടം മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങൾക്കും ഇളവ് അനുവദിച്ചു. അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍, ഐടി സേവനങ്ങള്‍, കോള്‍ സെന്‍ററുകള്‍, കോള്‍ഡ് സ്റ്റോറേജ്, വെയര്‍ഹൗസിംഗ് സേവനങ്ങള്‍, ബാര്‍ബര്‍മാര്‍ ഒഴികെ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവയ്ക്കും അനുമതിയുണ്ട്. നഗരപ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം. മാളുകള്‍, ഷോപ്പിങ് കോംപ്ലക്‌സ് എന്നിവയ്ക്ക് അനുമതി ഇല്ല. നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവറെക്കൂടാതെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം, ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ അനുമതി ഉള്ളൂ.
ഓറഞ്ച് സോണിൽ ജില്ലകൾ തമ്മില്‍ പ്രത്യേക കാര്യങ്ങള്‍ക്കുള്ള ഗതാഗതത്തിന് അനുമതി. ബൈക്കില്‍ രണ്ട് പേര്‍ക്കും, നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ പരമാവധി രണ്ട് പേര്‍ക്കും യാത്ര ചെയ്യാം. ടാക്‌സി, കാബ് സര്‍വീസുകള്‍ക്ക് അനുമതി. പക്ഷെ ഡ്രൈവര്‍ക്ക് പുറമെ ഒരു യാത്രക്കാരന് മാത്രമേ അനുമതിയുള്ളു. ഗ്രീന്‍ സോണുകളില്‍ പൊതുഗതാഗതം അനുവദിക്കും. ബസുകളില്‍ 50 ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താം. ഡിപ്പോകളിലും 50 ശതമാനം സര്‍വീസുകള്‍ നടത്താം. ചരക്ക് ഗതാഗതവും പാസില്ലാതെ അനുവദിക്കും.