ക്വറന്റീന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ നഴ്സിനും മക്കള്‍ക്കും സ്വന്തം വീട്ടിലും ഭര്‍ത്തൃവീട്ടിലും വിലക്ക്

കോട്ടയം: ബെംഗളൂരുവില്‍നിന്നും നാട്ടിലെത്തി 14 ദിവസത്തെ ക്വറന്റീന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ നഴ്സിനും മക്കള്‍ക്കും സ്വന്തം വീട്ടിലും ഭര്‍ത്തൃവീട്ടിലും വിലക്ക്. ഇതേത്തുടര്‍ന്ന് സഹായം അഭ്യര്‍ഥിച്ച്‌ കുറവിലങ്ങാട് നസ്രത്ത് ഹില്‍…

കോട്ടയം: ബെംഗളൂരുവില്‍നിന്നും നാട്ടിലെത്തി 14 ദിവസത്തെ ക്വറന്റീന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ നഴ്സിനും മക്കള്‍ക്കും സ്വന്തം വീട്ടിലും ഭര്‍ത്തൃവീട്ടിലും വിലക്ക്. ഇതേത്തുടര്‍ന്ന് സഹായം അഭ്യര്‍ഥിച്ച്‌ കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിനിയായ യുവതിയും (38) മക്കളായ 7 വയസ്സുകാരിയും 4 വയസ്സുകാരനും കലക്ടറേറ്റില്‍ എത്തി എട്ട് മണിക്കൂറോളമാണ് അഭയം തേടി അലഞ്ഞത്. ഒടുവില്‍ പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ ഇവരെ അഭയകേന്ദ്രത്തിലാക്കി. കോവിഡ് പരിശോധനയില്‍ ഇവര്‍ നെഗറ്റീവായിരുന്നു.
ബെംഗളൂരുവില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതി രണ്ടാഴ്ച മുന്‍പ് മുന്‍പാണ് നാട്ടിലെത്തിയത്. കുട്ടികളുമായി ഇവര്‍ പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഭര്‍ത്താവ് എത്തി ഇവരെ പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നു വിളിച്ചു കൊണ്ടു വന്നു. കുറുമള്ളൂര്‍ വേദഗിരിയില്‍ ഉള്ള വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഇയാള്‍ ഭാര്യയെയും മക്കളെയും കൊണ്ടുപോയത്. വീടിനു സമീപം ഇവരെ നിര്‍ത്തിയ ശേഷം മടങ്ങി. വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. ബെംഗളൂരുവിലുള്ള സഹോദരനെ ഫോണില്‍ വിളിച്ചെങ്കിലും നാട്ടില്‍ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. ക്വാറന്റീന്‍ കഴിഞ്ഞ ശേഷം എത്തിയാല്‍ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു. അമ്മയ്ക്ക് ശ്വാസകോശരോഗം ഉണ്ടെന്നും അവരുടെ ആരോഗ്യം മോശമാകുമെന്നുമായിരുന്നു ബന്ധുവിന്റെ പ്രതികരണം.

വീട്ടില്‍ കയറാന്‍ കഴിയാതെ വന്നതോടെ സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്നാണ് ഇവര്‍ കലക്ടറേറ്റില്‍ എത്തിയത്.കളക്ടര്‍ എം. അഞ്ജനയെ കണ്ടു. മഹിളാമന്ദിരത്തിലാക്കാമെന്ന് കളക്ടര്‍ അറിയിച്ചു. പക്ഷേ, കുഞ്ഞുങ്ങളുമായി താമസിക്കാനുള്ള സാഹചര്യമില്ലെന്നായിരുന്നു മഹിളാമന്ദിരം അധികൃതരുടെ വിശദീകരണം. പിന്നീട് പല കേന്ദ്രങ്ങളുമായും ബന്ധപ്പെട്ടെങ്കിലും പ്രവേശനമില്ലെന്നാണ് അറിയിച്ചത്. കലക്ടര്‍ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാ‍ന്‍ നിര്‍ദേശം നല്‍കാമെന്ന് അറിയിച്ച്‌ ഇവരും കൈവിട്ടു.ഒടുവില്‍ അഞ്ചുമണിയോടെ ആനി ബാബുവിന്റെ ഇടപെടലില്‍ താൽക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ ‍കോവിഡ് സംരക്ഷണ കേന്ദ്രത്തിലാക്കി

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story