ഒരു വര്‍ഷത്തിന് ശേഷം ഉത്തരകേരളത്തിലെ ആദ്യ കഡാവര്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു

July 25, 2020 0 By Editor

കോഴിക്കോട് : ഒരു വര്‍ഷത്തിന് ശേഷം ഉത്തരകേരളത്തില്‍ വീണ്ടും കഡാവര്‍ ട്രാന്‍സ്പ്ലാന്റ് നടന്നു. കണ്ണൂര്‍ മുണ്ടയാട് സ്വദേശിയായ കെ വി മോഹനന്‍ (64 വയസ്സ്) സ്‌ട്രോക്ക് സംഭവിച്ച് മസ്തിഷ്‌കമരണം സംഭവിച്ചതിനെ തുടര്‍ന്നാണ് അവയവദാനത്തിന് ബന്ധുക്കള്‍ തയ്യാറായത്. കണ്ണൂര്‍ എ കെ ജി ഹോസ്പിറ്റലില്‍ വെച്ച് ഇന്നലെ രാത്രി 10 മണിയോട് കൂടി അദ്ദേഹത്തിന്റെ അവയവങ്ങള്‍ മാറ്റുന്ന ശസ്ത്രക്രിയ നടത്തുകയും ലിവര്‍, ഇരുകിഡ്‌നികള്‍ എന്നിവ കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിക്കുകയും ചെയ്തു. ഇതേ സമയം സംസ്്ഥാന സര്‍ക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള, മോഹനന്റെ കരളും, വൃക്കകളും അനുയോജ്യമായ വ്യക്തികളെ രാത്രിയോടെ തന്നെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയുടേയും ആരോഗ്യവകുപ്പ് മന്ത്രി ശൈലജടീച്ചറുടേയും ഓഫീസുകളുമായി ബന്ധപ്പെട്ട് ലോക്ഡൗണ്‍കാലത്തെ സാങ്കേതിക തടസ്സങ്ങള്‍ നീക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോററ്റി കൂടിയായ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജോയിന്റ് ഡി. എം. ഇ ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. സാറ വര്‍ഗ്ഗീസ്, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവരും രാത്രി തന്നെ ഇടപെടുകയും സാങ്കേതിക തടസ്സങ്ങള്‍ നീക്കുന്നതിന് സഹയകരമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു.

രാത്രി പന്ത്രണ്ടരയോടെ ലിവര്‍, കിഡ്‌നി എന്നിവ സ്വീകരിക്കാന്‍ അനുയോജ്യരായ രോഗികളെ കണ്ടെത്തി. മൂന്ന് മണിയോടെ അവയവങ്ങള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലേത്തുകയും ഉടന്‍ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. രാവിലെ 8 മണിയോടെ മൂന്ന് അവയവങ്ങളും വിജയകരമായി വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ പൂര്‍ത്തിയാവുകയും ചെയ്തു. സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനിയിലൂടെ മാത്രമേ ഇത്തരത്തില്‍ അവയവങ്ങള്‍ മാറ്റിവെക്കാന്‍ സാധിക്കുകയുള്ളൂ. നേരത്തെ വളരെ നല്ല രീതിയില്‍ കേരളത്തില്‍ കഡാവര്‍ ട്രാന്‍സ്പ്ലാന്റ് നടന്നിരുന്നു എങ്കിലും ഇടക്കാലത്ത് ചില സിനിമകളും പ്രമുഖരായ ചിലരുടെ പ്രസ്താവനകളും മൂലം ഈ മേഖലയില്‍ വലിയതോതിലുള്ള ആശങ്കകള്‍ കടന്നുവരികയും മസ്തിഷ്‌കമരണ സംഭവിച്ചവരുടെ അവയവദാനത്തില്‍ വലിയ ഇടിവ് സംഭവിക്കുകയും ചെയ്തിരുന്നു.

ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം സര്‍ജന്മാരായ ഡോ. സജീഷ് സഹദേവന്‍, ഡോ. നൗഷിഫ്, ഡോ. അഭിഷേക് രാജന്‍, ഡോ. സീതാലക്ഷ്മി, യൂറോളജിവിഭാഗം സര്‍ജന്മാരായ ഡോ. രവികുമാര്‍, ഡോ. അഭയ് ആനന്ദ്, ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ടീം, നെഫ്രോളജി വിഭാഗം മേധാവി ഡോ. സജിത്ത് നാരായണന്റെ നേതൃത്വത്തിലുള്ള ടീം, അനസ്‌തേഷ്യവിഭാഗം ഡോ. കിഷോറിന്റെ നേതൃത്വത്തിലുള്ള ടീം എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്. ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ ശ്രീമതി അന്‍ഫി മിജോ കോര്‍ഡിനേഷന്‍ നിര്‍വ്വഹിച്ചു.