ലോക്ഡൗണിൽ അതിഥിത്തൊഴിലാളികൾക്ക് വിതരണംചെയ്യാൻ മഞ്ചേരി നഗരസഭയ്ക്ക് നല്കിയ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമായി പുഴുവരിക്കുന്നു

ലോക്ഡൗണിൽ അതിഥിത്തൊഴിലാളികൾക്ക് വിതരണംചെയ്യാൻ മഞ്ചേരി നഗരസഭയ്ക്ക് നല്കിയ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമായി പുഴുവരിക്കുന്നു

September 17, 2020 0 By Editor

മഞ്ചേരി : ലോക്ഡൗണിൽ അതിഥിത്തൊഴിലാളികൾക്ക് വിതരണംചെയ്യാൻ മഞ്ചേരി നഗരസഭയ്ക്ക് നല്കിയ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമായി പുഴുവരിക്കുന്നു.ആറുമാസത്തോളമായി ചുള്ളക്കാട് സ്കൂളിൽ സൂക്ഷിച്ചിട്ടുള്ള രണ്ട്‌ ടണ്ണോളം അരിയും കടലയും പരിപ്പുമാണ് നശിക്കുന്നത്. എലി കടിച്ചുമുറിച്ച്‌ ക്ലാസ്‌മുറിയിൽ ഇവ ചിതറിക്കിടക്കുകയാണ്.ഇവിടെ രൂക്ഷഗന്ധവും അനുഭവപ്പെടുന്നുണ്ട് .സാധനങ്ങൾ നീക്കംചെയ്യണമെന്ന് സ്കൂൾ അധികൃതർ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. 1000-പേർക്ക് നല്കാൻ അഞ്ചുടൺ ഭക്ഷ്യധാന്യങ്ങളാണ് സിവിൽസപ്ലൈസ് മഞ്ചേരിയിൽ ഇറക്കിയത്. 300-പേർക്കാണ് വിതരണം ചെയ്തത്. 10-കിലോ അരിയും സാധനങ്ങളുമടങ്ങുന്ന കിറ്റാണ് നല്കിയത്. തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് മടങ്ങിയതാണ് ഭക്ഷ്യധാന്യങ്ങൾ മിച്ചംവരാനിടയാക്കിതെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. തൊഴിൽപ്രതിസന്ധി നേരിടുന്ന കാലത്ത് ആഹാരത്തിനുവഴിയില്ലാതെ ആയിരങ്ങൾ വലയുന്ന സമയത്താണ് ഭക്ഷ്യസാധനങ്ങൾ ഇങ്ങനെ പാഴാക്കിക്കളഞ്ഞത്.എന്നാൽ ഇവ തിരിച്ചെടുക്കാൻ സിവിൽസപ്ലൈസിന് കത്തുനല്കിയിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.