കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് മരണങ്ങളില്‍ ദുരൂഹതയെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് മരണങ്ങളില്‍ ദുരൂഹതയെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍

October 21, 2020 0 By Editor

തൃശ്ശൂര്‍: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് മരണങ്ങളില്‍ ദുരൂഹതയെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധവും ആശുപത്രി വാദങ്ങളും പൊളിയുന്നെന്നും കോവിഡ് ബാധിതനായ ബൈഹക്കിന്റെ ടെലഫോണ്‍ സന്ദേശം മരണ മൊഴിയായി എടുത്ത് ആരോഗ്യ വകുപ്പിനെതിരെ കൊലക്കുറ്റം ചുമത്തി കേസ്സ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമാണ് മരണത്തിന് കാരണക്കാര്‍. കോവിഡ് ദുരിതത്തിന് പ്രത്യേകം തയ്യാറാക്കിയ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പണം കൊടുത്താല്‍ പഞ്ചനക്ഷത്ര ചികിത്സ കിട്ടുമെന്നും എങ്ങിനേയും 40000 രൂപ നല്‍കണമെന്ന സഹോദരന്‍ ഗസ്‌നിയോടുള്ള ബൈഹക്കിന്റെ ദയനീയ വാക്കുകള്‍ കോവിഡ് പ്രതിരോധത്തിലെ അഴിമതിയും പാവപ്പെട്ടവരോടുള്ള അനീതിയും വ്യക്തമാക്കുന്നു- ഗോപാലകൃഷ്ണന്‍ ആരോപിച്ചു.കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധനെ വിമര്‍ശിച്ച ആരോഗ്യ വകുപ്പിന് ഇതിനെ കുറിച്ച് എന്ത് പറയാനുണ്ടെന്നും അദ്ദേഹം ആരാഞ്ഞു. കരുതല്‍ മുദ്രാവാക്യമായി എന്നും പറയുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം. മരിച്ച രോഗികളുടെ ബന്ധുക്കളോട് ആരോഗ്യമന്ത്രി ശൈലജ മാപ്പ് പറയണം. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗവുമായി ബന്ധപ്പട്ട എല്ലാ മരണങ്ങളും അന്വേഷിക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.