സിബിഐയെ വിലക്കാനുള്ള ശ്രമം മുഖ്യമന്ത്രിയെ രക്ഷിക്കാന്‍-ചെന്നിത്തല

October 24, 2020 0 By Editor

തിരുവനന്തപുരം: സി.ബി.ഐയെ വിലക്കണമെന്ന സംസ്ഥാന സര്‍ക്കാരിനോടുള്ള സി.പി.എം. ആവശ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയിലേക്ക് സി.ബി.ഐ. എത്തുന്നു എന്ന് കണ്ടപ്പോള്‍, അദ്ദേഹത്തെ രക്ഷിക്കാനാണ് സി.ബി.ഐയെ വിലക്കാനുള്ള തീരുമാനമെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി മുഴുവന്‍ മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി ഉണ്ടായിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഇത് ഒപ്പു വെച്ചത്. ആ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് കണ്ടപ്പോഴാണ് ഇപ്പോള്‍ ഇടതു മുന്നണി നേതാക്കന്മാരുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കത്തെഴുതിയതിന്റെ വെളിച്ചത്തിലാണ് ഇ.ഡി., കസ്റ്റംസ്, സി.ബി.ഐ. എന്നിവര്‍ വിവിധ തലങ്ങളില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ആ കേസ് മുഖ്യമന്ത്രിയിലേക്ക് വരുന്നു, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന് വരുമ്പോഴാണ് സി.പി.എമ്മിന് ഹാലിളകിയിരിക്കുന്നത്. സി.പി.എമ്മിന്റെ ആജ്ഞകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സി.പി.ഐ. അതിനെ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാ അഴിമതികളെയും മൂടിവെക്കാന്‍ എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കാന്‍ അഴിമതിക്കാര്‍ക്ക് താവളം ഒരുക്കാനാണ് ഇന്ന് മുഖ്യമന്ത്രിയും ഇടതുമുന്നണിയും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.സി.ബി.ഐയുടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത തരത്തില്‍ നിരന്തരമായ തടസ്സം സൃഷ്ടിക്കലാണ് സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന് വിവേകമുണ്ടാവട്ടെ എന്നാണ് തനിക്ക് പറയാനുള്ളതെന്നും ഈ നടപടിയില്‍നിന്ന് പിന്തിരിയണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.