സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 15 മുതല്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തും

ആലപ്പുഴ: മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം പരിഗണിച്ച്‌ ആലപ്പുഴ ജില്ലയിലെ സ്ഥിതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. നിലവില്‍ ജില്ലയിലെ സ്കൂളുകളില്‍ കോവിഡ് വ്യാപന സാഹചര്യം ഉണ്ടായിട്ടില്ല. എങ്കിലും ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണം. ഫെബ്രുവരി 15 മുതല്‍ ഒരാഴ്ചത്തേക്ക് വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ ആര്‍ ടി പിസിആര്‍ പരിശോധന റാന്‍ഡം അടിസ്ഥാനത്തില്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. നാലു വിദ്യാഭ്യാസ ജില്ലകളിലായി ഇതിന് 8 മൊബൈല്‍ യൂണിറ്റുകള്‍ രൂപവല്‍ക്കരിച്ചു.

പരിശോധന നടത്തേണ്ട സ്കൂളുകളുടെ ലിസ്റ്റ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി എം ഒ യ്ക്ക് നല്‍കണം. കഴിഞ്ഞ ദിവസം ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ സ്കൂളുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരം ഡെസ്ക്, ബെഞ്ച് എന്നിവ സാനിറ്റൈസ് ചെയ്യുന്നില്ല എന്ന് കണ്ടെത്തി. ജീവനക്കാരുടെ അഭാവം വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇത് പരിഹരിക്കുന്നതിന് ഡെസ്ക്, ബഞ്ച് എന്നിവ അണുവിമുക്തമാക്കാന്‍ പഞ്ചായത്തുകളെ ചുമതലപ്പെടുത്താന്‍ ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചു. ബസ് സ്റ്റോപ്പുകളിലും ട്യൂഷന്‍ സെന്‍ററുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ വേണ്ടവിധം പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അധ്യാപകര്‍ക്ക് ഇക്കാര്യം മുന്‍നിര്‍ത്തി പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. ഇവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ട്യൂഷന്‍ ക്ലാസുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് സെക്‌ട്രല്‍ മജിസ്ട്രേറ്റുമാര്‍ക്ക് പ്രത്യേക ചുമതല നല്‍കി. സ്കൂളുകളില്‍ രക്ഷകര്‍ത്താക്കളുടെ അനുമതിയോടെ മാത്രമേ ആര്‍.ടി.പി.സി.ആര്‍ പരിശോധന കുട്ടികള്‍ക്ക് നടത്തൂ. എല്ലാ അധ്യാപകര്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.

കുട്ടികളില്‍ കോവിഡ് നിയന്ത്രണ അബോധം ഉണ്ടാക്കുന്നതിന് കാമ്ബയിന്‍ സംഘടിപ്പിക്കും. സ്കൂളുകളില്‍ കോവിഡ് നിയന്ത്രണ ബോധവത്കരണത്തിന്റെ ഭാഗമായി പോസ്റ്ററും ബാനറും പ്രദര്‍ശിപ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story