ഒരിടവേളയ്ക്കു ശേഷം കൊച്ചിയുടെ വെള്ളിത്തിരയില്‍ ദൃശ്യങ്ങള്‍ തെളിയുന്നു

February 17, 2021 0 By Editor

കൊച്ചി: ഒരിടവേളയ്ക്കു ശേഷം മികച്ച ചലച്ചിത്രാനുഭവങ്ങളുടെ കാഴ്ചക്കാലമൊരുക്കി കൊച്ചിയുടെ വെള്ളിത്തിരയില്‍ ദൃശ്യങ്ങള്‍ തെളിയുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാലു മേഖലകളിലായി സംഘടിപ്പിക്കുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി പതിപ്പിന് ബുധനാഴ്ച തിരി തെളിയും. സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ മേളയുടെ ഉദ്ഘാടന കര്‍മം ഓണ്‍ലൈനായി നിര്‍വഹിക്കും. മുഖ്യ വേദിയായ സരിത തിയേറ്ററില്‍ വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങില്‍ ടി.ജെ. വിനോദ് എം.എല്‍.എ. അധ്യക്ഷനായിരിക്കും. സരിത, സവിത, സംഗീത, ശ്രീധര്‍, കവിത, പദ്മ എന്നീ തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. മുഖ്യ വേദിയായ സരിത തിയേറ്റര്‍ കോംപ്ളക്സിലാണ് എക്സിബിഷന്‍, ഓപ്പണ്‍ ഫോറം എന്നിവ നടക്കുന്നത്. ഇത്തവണ നാലു മേഖലകളിലായി നടത്തുന്ന മേളയില്‍ എല്ലായിടത്തും ഒരേ സിനിമകള്‍ തന്നെയാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഐ.എഫ്.എഫ്.കെ. പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിച്ചുകൊണ്ടാണ് മേളയ്ക്ക് തുടക്കമാകുന്നത്. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ‘ക്വോ വാഡിസ്, ഐഡ’യാണ് ഉദ്ഘാടന ചിത്രം. ബോസ്നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ ആവിഷ്കരിക്കുന്ന ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കോവിഡ് പരിശോധന ഉള്‍പ്പെടെയുള്ള പ്രോട്ടോക്കോള്‍ എല്ലാം പാലിച്ചാണ് മേള സംഘടിപ്പിക്കുന്നത്.

46 രാജ്യങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മത്സര വിഭാഗത്തില്‍ ചുരുളി, ഹാസ്യം എന്നീ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 ചിത്രങ്ങളാണുള്ളത്. സമകാലിക ലോകസിനിമ വിഭാഗത്തില്‍ 22 സിനിമകള്‍ പ്രദര്‍ശിപ്പികുമ്പോൾ ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ 12 സിനിമകളും ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രത്യേക പാക്കേജ് ആയ കലൈഡോസ്കോപ്പ് വിഭാഗത്തില്‍ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ലഭിച്ച പ്രശസ്ത ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദിന്റെ ആറു സിനിമകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഐ.എഫ്.എഫ്.കെ. കൊച്ചിയിലേക്കു തിരിച്ചെത്തുന്നത്.