സർക്കാർ ആശുപത്രിയിൽ നിന്നും 23 കൊറോണ രോഗികൾ ചാടിപ്പോയി
ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ നിന്നും 23 കൊറോണ രോഗികൾ ചാടിപ്പോയി. ഏപ്രിൽ 19നും മെയ് ആറിനും ഇടയിലാണ് രോഗികൾ ആശുപത്രി വിട്ടതെന്ന് നോർത്ത് ഡൽഹി മേയർ ജയ് പ്രകാശ് പറഞ്ഞു. വടക്കൽ ഡൽഹിയിലെ ഹിന്ദു റാവു ആശുപത്രിയിൽ നിന്നാണ് രോഗികൾ ചാടിപ്പോയത്.മേഖലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണിത്. കൊറോണ രോഗികൾക്കായി മാത്രം 250 ഓളം കിടക്കകളാണ് ഇവിടെയുള്ളത്. കൊറോണ ആപ്പ് പ്രകാരം ആശുപത്രിയിലെ കിടക്കകൾ എല്ലാം നിറഞ്ഞിരിക്കുകയാണ്. എന്നാൽ കിടക്കകൾ ഒഴിവുള്ളതായി കണ്ടെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗികൾ കടന്നു കളഞ്ഞതായി കണ്ടെത്തിയത്.
ഡൽഹിയിലെ പല സർക്കാർ ആശുപത്രികളിലേയും സ്ഥിതി ഇതാണെന്നും രോഗികൾ ചാടിപ്പോകുന്ന കേസുകൾ പതിവാണെന്നും മേയർ അറിയിച്ചു. രോഗികളെ കാണാതായ വിവരം പോലീസിനെ അറിയിച്ചിട്ടുണ്ട്. പോലീസ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും മേയർ ജയ് പ്രകാശ് വ്യക്തമാക്കി.