കേരളത്തിൽ അതിവേഗ രോഗവ്യാപനം ഉണ്ടാക്കിയത് വൈറസിന്റെ ഇന്ത്യൻ വകഭേദം

കേരളത്തിൽ അതിവേഗ രോഗവ്യാപനം ഉണ്ടാക്കിയത് വൈറസിന്റെ ഇന്ത്യൻ വകഭേദം

May 21, 2021 0 By Editor

തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച കോവിഡ് ബി.1.617.2 ഇന്ത്യൻ വകഭേദമാണ് കേരളത്തിൽ അതിവേഗ രോഗവ്യാപനം ഉണ്ടാകാൻ കാരണമെന്ന് ആരോഗ്യവകുപ്പ്. മറ്റു പല സംസ്ഥാനങ്ങളിലും ഉള്ളതുപോലെ ജനിതകമാറ്റം വന്ന ഈ വൈറസ് വകഭേദമാണ് കേരളത്തിൽ കൂടുതൽ കാണുന്നത്. എല്ലാ ജില്ലകളിലും ഈ വൈറസ് വ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

കേരളത്തിൽ ഈ വകഭേദം വളരെ വ്യാപകമാണെന്നാണ് പഠനങ്ങളില്‍ വ്യക്തമായത്. രോഗം ബാധിക്കുന്നവരിൽ 90 ശതമാനത്തിനു മുകളിൽപേർക്ക് ഈ വൈറസ് രോഗം പടർത്തിയിട്ടുണ്ട്. ഡിസംബറിൽ സംസ്ഥാനം നടത്തിയ സർവേയിൽ ജനസംഖ്യയിൽ 11% പേർക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ദേശീയതലത്തിൽ ഇത് 22% ആയിരുന്നു. ഇപ്പോൾ സംസ്ഥാനത്തെ രോഗബാധ ജനസംഖ്യയുടെ 20 ശതമാനത്തിനു മുകളിൽ പോയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ കണക്കുകൂട്ടുന്നു. വാക്സിനേഷൻ വേഗം പൂർത്തിയായില്ലെങ്കിൽ മൂന്നാം തരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകുന്നു.

മധ്യപ്രദേശിലാണ് ഈ വൈറസ് വകഭേദം ആദ്യം കണ്ടെത്തിയതെങ്കിലും മഹാരാഷ്ട്രയിലാണ് വേഗം പടർന്നു പിടിച്ചത്. അവിടെ നിന്നായിരിക്കും കേരളത്തിലേക്ക് എത്തിയതെന്നു കരുതുന്നു. മരണം കൂടാൻ കാരണം ഈ വൈറസ് അല്ലെന്നു വിദഗ്ധർ പറയുന്നു. വൈറസ് വേഗത്തിൽ പടർന്നു പിടിക്കുമ്പോൾ രോഗികളുടെ എണ്ണം കൂടും. ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടുമ്പോൾ സേവനങ്ങൾ ലഭിക്കുന്നതിനു കാലതാമസം ഉണ്ടാകുന്നത് കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ട്.