കരിപ്പൂരിലെ ഓപ്പറേഷനുവേണ്ടി ഒരാഴ്‌ചയായി പദ്ധതിയൊരുക്കി;അപകടം നടന്നയുടന്‍ സ്വര്‍ണക്കവര്‍ച്ച സംഘത്തലവന്‍ രക്ഷപ്പെട്ടു

കരിപ്പൂരിലെ ഓപ്പറേഷനുവേണ്ടി ഒരാഴ്‌ചയായി പദ്ധതിയൊരുക്കി;അപകടം നടന്നയുടന്‍ സ്വര്‍ണക്കവര്‍ച്ച സംഘത്തലവന്‍ രക്ഷപ്പെട്ടു

June 23, 2021 0 By Editor

കോഴിക്കോട്: രാമനാട്ടുകര അപകടം നടന്ന സ്ഥലത്ത് നിന്ന് സ്വര്‍ണക്കവര്‍ച്ച സംഘത്തലവന്‍ സൂഫിയാന്‍ രക്ഷപ്പെട്ടത് അപകടം നടന്ന ഉടനെന്ന് പൊലീസ് കണ്ടെത്തല്‍. കൂട്ടാളികള്‍ അപകടത്തില്‍പ്പെട്ടത് അറിഞ്ഞ് സൂഫിയാന്‍ രക്ഷപ്പെട്ടതായാണ് വിവരം. രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറുകളെ കുറിച്ച്‌ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഫോര്‍ച്യൂണര്‍, ഥാര്‍ എന്നീ കാറുകളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കാണാതായ മൂന്നാമത്തെ വാഹനത്തെ കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ല. അപകടം നടന്നപ്പോള്‍ മാരുതി ബലേനോ കാര്‍ നിര്‍ത്താതെ പോയെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇന്നലെ എട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തിരുന്നു. സ്വര്‍ണക്കടത്ത് സംഘങ്ങളുമായി അടുത്തബന്ധമുള്ളവരാണ് പൊലീസ് പിടിയിലായവര്‍. കള്ളക്കടത്ത് സ്വര്‍ണത്തിന് സുരക്ഷയൊരുക്കുന്നത് നേരത്തേ ഇവര്‍ ഏറ്റെടുത്തിരുന്നതായും അവസരം കിട്ടുമ്ബോള്‍ കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശിയിലൂടെ ഗള്‍ഫില്‍നിന്ന് സ്വര്‍ണം കൊണ്ടുവരുന്നത് സംബന്ധിച്ച വിവരങ്ങള്‍ സംഘത്തിന് കൃത്യമായി ലഭിച്ചിരുന്നു. കഴിഞ്ഞ 16 മുതല്‍ കരിപ്പൂരിലെ ഓപ്പറേഷനുവേണ്ടി സംഘം പദ്ധതി തയ്യാറാക്കിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കള്ളക്കടത്ത് സ്വര്‍ണത്തിന് സുരക്ഷയൊരുക്കാനാണ് തങ്ങള്‍ കരിപ്പൂരിലെത്തിയതെന്ന് പിടിയിലായ യുവാക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.