എറണാകുളത്ത്‌ പശുക്കള്‍ക്ക് നേരെ തുടർച്ചയായി ആസിഡ് ആക്രമണം

July 18, 2021 0 By Editor

കൊച്ചി: ചുള്ളിക്കണ്ടത്ത് പശുക്കള്‍ക്ക് നേരെ തുടര്‍ച്ചയായി ആസിഡ് ആക്രമണം നടത്തിയ പ്രതികളെ എത്രയും പെട്ടന്ന് കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ മാനസിക വൈകല്യമുള്ളവരാണെന്നും മന്ത്രി ആരോപിച്ചു.
അതേസമയം മൃഗങ്ങളോടുള്ള ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അതില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനുമായി അടിയന്തരമായി ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഒന്നര വര്‍ഷത്തിനിടെ കവളങ്ങാട് പഞ്ചായത്തിലെ ചുള്ളിക്കണ്ടത്ത് 12 പശുക്കളാണ് ആസിഡ് ആക്രണണത്തിന് ഇരയായത്. റബ്ബര്‍ പാല്‍ ഉറയിടുന്ന ഫോര്‍മിക്ക് ആസിഡാണ് പശുക്കളുടെ ദേഹത്ത് കോരിയൊഴിച്ചിരിക്കുന്നത്. തൊലിപൊളിഞ്ഞ് മാംസം പുറത്തേക്ക് തള്ളി വ്രണമായി മാറിയ അവസ്ഥയിലാണ് മിക്ക പശുക്കളും. മുറിവുകളുമായി മാസങ്ങളോളം ചികിത്സ നടത്തി ഭേദപ്പെടുത്തിയിടുത്ത പശുക്കള്‍ക്ക് നേരേ വീണ്ടും ആസിഡ് ആക്രമണം നടത്തുന്നുണ്ട്. ഒരുവര്‍ഷത്തിലെറെയായി പശുക്കള്‍ക്കുനേരെ തുടര്‍ച്ചയായി ആസിഡ് ആക്രമണം നടക്കുന്നു. ആറുമാസം മുന്‍പ് 4പശുക്കള്‍ക്ക് ആസിഡാക്രമണത്തില്‍ പൊള്ളലേറ്റു. പരാതി നല്‍കിയെങ്കിലും അന്വേഷണം തുടങ്ങിയിടത്തുതന്നെ നിൽക്കുന്നു എന്നാണ് ആക്ഷേപങ്ങൾ ഉയരുന്നത്.