തൃക്കാക്കരയിൽ കൊന്ന് കുഴിച്ചുമൂടിയ നായ്‌ക്കളുടെ ജഡം പുറത്തെടുത്തു: ഒരാൾ അറസ്റ്റിൽ

തൃക്കാക്കരയിൽ കൊന്ന് കുഴിച്ചുമൂടിയ നായ്‌ക്കളുടെ ജഡം പുറത്തെടുത്തു: ഒരാൾ അറസ്റ്റിൽ

July 24, 2021 0 By Editor

കൊച്ചി: എറണാകുളത്ത് തെരുവു നായ്‌ക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നായകളെ കൊന്ന ശേഷം കടത്തിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവർ സൈജനാണ് അറസ്റ്റിലായത്. തൃക്കാക്കര നഗരസഭാ അധികൃതരുടെ അറിവോടെയാണ് നായ്‌ക്കളെ കൊന്നതെന്ന് സൈജൻ മൊഴി നൽകി. 30ഓളം നായകളുടെ ജഡം കണ്ടെത്തി. ഭരണസമിതിയുടെ അറിവോടെയാണ് സംഭവം നടന്നതെന്ന ആരോപണം ശക്തമാണ്. തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭയ്‌ക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തൃക്കാക്കരയിലെ ഈച്ചമുക്ക് പ്രദേശത്ത് വ്യാഴാഴ്ച്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.

കെഎൽ 40 രജിസ്‌ട്രേഷൻ വാഹനത്തിലെത്തിയ മൂന്നംഗ സംഘം കമ്പികൊണ്ട് നായയുടെ കഴുത്തിൽ കുരുക്കിട്ട ശേഷം വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വളരെ പ്രാകൃതമായി കുരുക്കിട്ട് പിടികൂടുന്ന നായകൾക്ക് ഉഗ്രവിഷമാണ് ഇവർ കുത്തിവെച്ചത്. സൂചി കുത്തിവെച്ച് ഊരിയെടുക്കും മുൻപ് നായ കുഴഞ്ഞുവീണ് ചാവും. കൊലപ്പെടുത്തിയ നായകളെ തൃക്കാക്കര നഗരസഭയോട് ചേർന്നുള്ള പുരയിടത്തിൽ കുഴിച്ചിട്ടതായി ഇവർ സമ്മതിച്ചിരുന്നു.