ഞങ്ങളെ വിശ്വസിക്കൂ. ഇപ്പോഴും ഞങ്ങള്‍ ശക്തരാണ്, താലിബാന് സൈന്യത്തെ അട്ടിമറിക്കുന്നതിനുള്ള കരുത്തില്ല" പ്രത്യാക്രമണം നടത്തരുതെന്ന് അവര്‍ പറഞ്ഞു ; സംഭവിച്ചത് വ്യക്തമാക്കി ഇന്ത്യയില്‍ നിന്ന് പരിശീലനം നേടിയ അഫ്ഗാന്‍ സൈനികന്‍
കാബൂള്‍ : താലിബാന്‍ ഭീകരരെ പേടിച്ച് ഓടുന്ന ഭീരുക്കളല്ല തങ്ങളെന്ന് ഇന്ത്യയില്‍ നിന്നും പരിശീലനം നേടിയ അഫ്ഗാന്‍ സൈനികന്‍. ഭരണ കര്‍ത്താക്കളുടെ പിടിപ്പ് കേടാണ് ഭീകരര്‍ അധികാരം പിടിച്ചെടുക്കാന്‍ കാരണമായതെന്ന് സൈനിക ഓഫീസര്‍ പറഞ്ഞു. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയ ശേഷം ഒളിവില്‍ പോയ ഉദ്യോഗസ്ഥന്‍ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ വാട്‌സ് ആപ്പ് സന്ദേശത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ഞങ്ങളെ വിശ്വസിക്കൂ. ഇപ്പോഴും ഞങ്ങള്‍ ശക്തരാണ്. താലിബാന് സൈന്യത്തെ അട്ടിമറിക്കുന്നതിനുള്ള കരുത്തില്ല. രാഷ്‌ട്രീയ നേതാക്കള്‍ സെെനികരെ താലിബാന് വിറ്റു. രാജ്യത്തിനായി ജീവിതവും, ജീവനും ത്യാഗം ചെയ്ത സൈനികരുടെ അന്തസ്സും, അഭിമാനവും പണയംവെച്ചെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സൈനിക താവളങ്ങള്‍ താലിബാന്‍ ആക്രമിച്ചു. എന്നാല്‍ ഇതിന് പ്രത്യാക്രമണം നടത്തരുതെന്ന് ഉന്നത ഉദ്യോഗസ്ഥരും, രാഷ്‌ട്രീയ നേതാക്കളും ആവശ്യപ്പെട്ടു. ഇത് നിലവിലെ ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അവരുടെ വാദം. ഇതിന് ശേഷം പ്രധാന സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഭീകരര്‍ നീങ്ങി. ഇവയെല്ലാം പിടിച്ചടക്കി. ഞായറാഴ്ച മുതല്‍ ഭക്ഷണം കഴിക്കുകയോ, ഉറങ്ങുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വാട്‌സ് ആപ്പ് സന്ദേശത്തില്‍ വ്യക്തമാക്കി.
മാതാപിതാക്കളെ ഓര്‍ത്ത് മാത്രമാണ് ഭയം. വീട്ടില്‍ അവര്‍ തനിച്ചാണ്. ഭീകരര്‍ ആയുധങ്ങളുമായി റോന്ത് ചുറ്റുന്നുണ്ട്. ഇപ്പോള്‍ കാതങ്ങള്‍ അകലെയാണ്. അതിനര്‍ത്ഥം ഭയന്ന് ഓടി എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ നിന്നാണ് അഫ്ഗാന്‍ സൈന്യം പരിശീലനം നേടിയത്.