പെൺകുട്ടിയുമായി ചാറ്റ് ചെയ്ത യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം; സ്‌കൂട്ടർ തടഞ്ഞു നിർത്തി വടി കൊണ്ട് മർദ്ദനം
തിരൂര്‍: മലപ്പുറത്ത് വീണ്ടും സദാചാര പൊലീസ് ആക്രമണം. പെണ്‍കുട്ടിയുമായി വാട്‌സ്‌ആപ്പില്‍ ചാറ്റ് ചെയ്തുവെന്നാരോപിച്ച് യുവാവിന് നേരെയാണ് ഇക്കുറി സദാചാര പൊലീസ് ആക്രമണം ഉണ്ടായത്. മലപ്പുറം തിരൂരിലെ ചെറിയമുണ്ടത്താണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരനടക്കം ഒരു സംഘം ആളുകള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. യുവാവിന്റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
യുവാവിനെ മര്‍ദിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു.യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് വീട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ടൂ വീലറില്‍ പോകുകയായിരുന്ന യുവാവിനെ തടഞ്ഞ് വെച്ച് മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം. ഇയാളോട് മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ട് വണ്ടിയിലിരുത്തി തന്നെ വടി കൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തനിക്ക് മര്‍ദ്ദനമേറ്റ കാര്യം യുവാവ് വീട്ടില്‍ പറഞ്ഞിരുന്നില്ല. ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. യുവാവിന്റെ മാതാവ് പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. ഏഴുപേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സദാചാര ആക്രമണം ഉണ്ടാകുന്നത്. ഓഗസ്റ്റ് 14 നാണ് സദാചാര ആക്രമണത്തില്‍ മനംനൊന്ത് അദ്ധ്യാപകനും കലാസംവിധായകനുമായ സുരേഷ് ചാലിയം ആത്മഹത്യ ചെയ്തിരുന്നു.