മുന്നറിയിപ്പ്; സംസ്ഥാനത്ത് ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തമാകും

മുന്നറിയിപ്പ്; സംസ്ഥാനത്ത് ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തമാകും

October 17, 2021 0 By Editor

തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപം സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ദുർബലമായി. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് മഴയുടെ ശക്തി കുറയാനാണ് സാധ്യത. ന്യൂനമർദ്ദത്തിന്റെ അവശേഷിപ്പുകൾ തുടരുന്നതിനാൽ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്ന് വൈകീട്ട് വരെ തുടർന്നേക്കും. അതേസമയം, കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തമാകും. മൂന്ന്-നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുലാവർഷം തുടങ്ങുന്നതിന് മുന്നോടിയായാണ് കിഴക്കൻ കാറ്റ് ശക്തമാകുന്നത്.

ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും പത്തനംത്തിട്ട, കോട്ടയം ജില്ലകൾക്ക് മുകളിലും പാലക്കാട്, മലപ്പുറം ഭാഗത്തും മഴമേഘങ്ങളുള്ളതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. തുടർച്ചയായി ഇനിനും ഈ മേഖലകളിൽ മഴ പെയ്താൽ സ്ഥിതി ഗുരുതരമാകുമെന്നതിനാൽ അതീവ ജാഗ്രത വേണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കെഎസ്ഇബിയുടെ കക്കി, ഷോളയാർ, പെരിങ്ങൽകൂത്ത്, കുണ്ടള, കല്ലാർക്കുട്ടി, മാട്ടുപ്പെട്ടി, കല്ലാർ അണക്കെട്ടുകളിലും, ജലസേചന വകുപ്പിന്റെ ചുള്ളിയാർ, പീച്ചി അണക്കെട്ടുകളിലും റെഡ് അലർട്ടാണ്. ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കടുത്ത ജാഗ്രത വേണം. സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്.