മുല്ലപ്പെരിയാർ-ബേബിഡാമിന് സമീപത്തെ മരംമുറിക്കൽ; അനുമതി നൽകിയത് സർക്കാർ അറിവോടെയല്ല: എ.കെ ശശീന്ദ്രൻ

മുല്ലപ്പെരിയാർ-ബേബിഡാമിന് സമീപത്തെ മരംമുറിക്കൽ; അനുമതി നൽകിയത് സർക്കാർ അറിവോടെയല്ല: എ.കെ ശശീന്ദ്രൻ

November 7, 2021 0 By Editor

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞിട്ടില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. അനുമതിയുടെ കാര്യം സർക്കാരോ തന്റെ ഓഫീസോ അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ശശീന്ദ്രൻ അറിയിച്ചു. താനറിയാതെ 15 മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയ സംഭവത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി എ.കെ.ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. തമിഴ്നാട് ജലവിഭവവകുപ്പ് മന്ത്രി എസ് ദുരൈമുരുഗനും സംഘവും മുല്ലപ്പെരിയാർ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരങ്ങൾ മുറിച്ച് നീക്കാനുള്ള വിവാദ അനുമതി കേരളം തമിഴ്നാടിന് നൽകുന്നത്.

ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന് തമിഴനാട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ സംരക്ഷിത വനമായതിനാൽ മരങ്ങൾ മുറിക്കാൻ അനുമതി നൽകാൻ സാധിക്കില്ലെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ഈ നിലപാട് മാറ്റി മരം മുറിക്കാൻ അനുമതി നൽകിയെന്ന ഉത്തരവാണ് ഇന്നലെ പുറത്തുവന്നത്. തമിഴ്‌നാടിന്റെ ഈ ആവശ്യം അംഗീകരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നന്ദിയറിക്കുകയും ചെയ്തിരുന്നു.