പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം; സിഐടിയു പ്രവർത്തകരടക്കം അഞ്ചു പേർ പിടിയിൽ
മലപ്പുറം; ദേശീയപണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ തിരൂരിൽ അഞ്ചുപേർ പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവർ യാസറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സിഐടിയു, എസ്ടിയു, എഐടിയുസി പ്രവർത്തകരേയാണ് അറസ്റ്റ് ചെയ്തതത്.
അത്യാവശ്യമായി ജില്ലാ ആശുപത്രിയിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ട് സുഹൃത്ത് വിളിച്ചതിന് പിന്നാലെയാണ് യാസിർ ഓട്ടോറിക്ഷ എടുത്ത് ഇറങ്ങിയത്. ആശുപത്രിക്ക് മുൻപിൽ എത്തിയപ്പോൾ ഇരുപത്തഞ്ചോളം വരുന്ന സമരക്കാർ യാസിറിനെ ഓട്ടോയിൽനിന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.
തുടർന്ന് യാസിർ സംഭവം വിശദീകരിച്ചുകൊണ്ട് വീഡിയോ പുറത്തുവിടുകയായിരുന്നു. മൂക്കിലും വായിലും ചോര ഒലിപ്പിച്ചുകൊണ്ടാണ് തനിക്കുണ്ടായ ദുരനുഭവം യാസിർ വ്യക്തമാക്കിയത്. ആക്രമിച്ചവരുടെ പേര് അടക്കം യാസിർ വ്യക്തമാക്കിയിരുന്നു. തുടർന്ന് കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേർക്കെതിരെ യാസിർ പരാതി നൽകിയിരുന്നു.