മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ്സിന് ഷാര്‍ജാ ഭരണാധികാരിയോട് സഹായംതേടി; സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്, ഗുരുതര ആരോപണം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലം. മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ പലതവണ ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴിക്ക് മുമ്പ് സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവരുന്നത്.
മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്‌ന ഇതില്‍ ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് പലതരത്തിലുള്ള ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്
2017 സെപ്തംബറിൽ ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിലായിരുന്നു ചർച്ച. അടച്ചിട്ട മുറിയിലെ ചർച്ചയിൽ നളിനി നെറ്റോയും എം.ശിവശങ്കറും പങ്കെടുത്തു. ഷാർജയിൽ ബിസിനസ് പങ്കാളിയുമായും ചർച്ച നടത്തിയെന്ന് സ്വപ്ന പറയുന്നു. ഷാർജ ഭരണാധികാരിയുടെ എതിർപ്പാണ് ബിസിനസ് തുടങ്ങുന്നതിന് തടസ്സമായത്. ഷാർജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു.
കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്നാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുപോയത്. ചെമ്പിന്റെ വലുപ്പം സംബന്ധിച്ചും സ്വപ്‌ന സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. സാധാരത്തേതിലും വലിപ്പുള്ള ഈ ചെമ്പ് ഫോയില്‍ഡ് പേപ്പറില്‍ അടച്ചുകെട്ടിയതിനാല്‍ കൊണ്ടുപോകുന്നവര്‍ക്കും ഇതില്‍ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേര്‍ ചേര്‍ന്നാണ് ചെമ്പ് പിടിച്ചത്. ക്ലിയറന്‍സുകളൊന്നുമില്ലാതെ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കര്‍ നേതൃത്വം കൊടുത്തുവെന്നും ആരോപിക്കുന്നു. അത് എത്തുന്നത് വരെ കോണ്‍സുര്‍ ജനറല്‍ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു.