പേഴ്സണൽ സ്റ്റാഫ് വിവാദം; വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ, പൊളിയുന്നത് ആരുടെ വാദങ്ങൾ?

അവിഷിത്ത് വിവാദത്തിൽ ആരോഗ്യമന്ത്രി വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ ഉള്‍പ്പെട്ട കെ.ആർ.അവിഷിത്തിന്റെ നിയമനം സംബന്ധിച്ച് താൻ പറയാത്തത് പറഞ്ഞു എന്ന വീണ ജോർജിൻറെ വാദങ്ങളെ ഏഷ്യാനെറ്റ് ലേഖകൻ ചോദ്യം ചെയ്തു. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ജോലിയിൽനിന്ന് ഒഴിവായതായി മന്ത്രി പറഞ്ഞു എന്ന വാർത്തയോടായിരുന്നു വീണ ജോർജിൻറെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനെ പേരെടുത്ത പറഞ്ഞുകൊണ്ടാണ് മന്ത്രി വിമർശിച്ചത് ഏഷ്യാനെറ്റ് ആപ്തവാക്യം നേരോടെ നിർഭയം നിരന്തരം എടുത്തു പറഞ്ഞ് ഇതാണോ നേര് എന്ന് മന്ത്രി ചോദിച്ചു. ഇതിനെതിരെ റിപ്പോർട്ടറും തിരിച്ചടിച്ചു. എന്നാൽ എല്ലാ മാധ്യമങ്ങളും വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെ വാർത്ത കൊടുത്തിരുന്നു.

ഇന്നലെ രാവിലെ മന്ത്രി പറഞ്ഞത് 'എൻറെ സ്റ്റാഫിൽപെട്ട ആരും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ല ഈ മാസം ആദ്യമാണ് വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ഒഴിവായത്.'

എന്നാൽ വൈകുന്നേരം മന്ത്രി ഇത് മാറ്റി പറയുകയാണ് ഉണ്ടായത് 'അവിഷിത്ത് ഈ മാസം ആദ്യം മുതൽ ഓഫീസിൽ കൃത്യമായി എത്തിയിരുന്നില്ല ഇതിനിടെ 12 മുതൽ 15 വരെ ഓഫീസിൽ എത്തി 15ന് ശേഷം വന്നിട്ടില്ല.' അതേസമയം ആരോഗ്യമന്ത്രി വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ ഉള്‍പ്പെട്ട ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കെ.ആർ.അവിഷിത്തിനെ പുറത്താക്കിയതിനെക്കുറിച്ച് ഏഷ്യാനെറ്റ് പറയുന്ന വാദങ്ങൾ ഇങ്ങനെയാണ്,

'രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിൻറെ പേഴ്സണൽ സ്റ്റാഫ് അംഗമായ കെ.ആർ.അവിഷിത്തിന് പങ്കുണ്ടെന്ന് വിഡി സതീശൻ പറയുന്നത് ഇന്നലെ രാവിലെ 10.45 നാണ്. അക്രമി സംഘത്തിൽ എസ്എഫ്ഐ വയനാട് മുൻ ജില്ലാ വൈസ് പ്രസിഡൻറ് കൂടിയായിരുന്ന അവിഷിത്ത് ഉണ്ടെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ 11.50ന പത്തനംതിട്ടയിൽ വീണ ജോർജ് ഇതിനെതിരെ പ്രതികരിച്ചിരുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. അവിഷിത്ത് ഈ മാസം 15 മുതൽ വ്യക്തിപരമായ കാരണങ്ങളാൽ ഓഫീസിൽ എത്തിയിരുന്നില്ല എന്നും പുറത്താക്കാൻ നടപടി നേരത്തെ സ്വീകരിച്ചതാണ് എന്നും മന്ത്രിയുടെ ഓഫീസും വിശദീകരിച്ചു.

പ്രതിപക്ഷ ആരോപണം തിരിച്ചടിയാകുമെന്ന് ഭയന്ന് വയനാട്ടിലെ അക്രമം നടക്കുന്നതിന്റെ തലേദിവസത്തെ തീയതി വെച്ച് പ്രൈവറ്റ് സെക്രട്ടറി പൊതുഭരണ വകുപ്പിന് ഒരു കത്ത് നൽകുന്നു. മിന്നൽ വേഗത്തിൽ ഉത്തരവും ഇറങ്ങുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ജോലി തുടരാൻ താൽപര്യമില്ലെന്ന് അവിഷിത്ത് അറിയിച്ചിരുന്നു എങ്കിൽ അദ്ദേഹത്തിന് ആഭ്യന്തരവകുപ്പ് കൊടുത്തിരുന്ന തിരിച്ചറിയൽ രേഖ സഹിതം മന്ത്രിയുടെ ഓഫീസ് എന്തുകൊണ്ട് തിരിച്ചു വാങ്ങിയില്ല?, മാത്രമല്ല ഈ മാസം 23 വരെ ഇത് പൊതുഭരണ വകുപ്പിനെ അറിയിക്കാൻ മന്ത്രിയുടെ ഓഫീസ് എന്തിന് കാത്തുനിന്നു?.'

വ്യക്തിപരമായ കാണങ്ങളാൽ മാറി നിൽക്കുമ്പോഴും അവിഷിത്ത് രാജി കത്ത് നൽകുകയോ ഇയാളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസ് പൊതുഭരണവകുപ്പിനെ സമീപിക്കുകയോ ചെയ്തിരുന്നില്ല. ഓഫീസ് ആക്രമണം വിവാദമായതിന് പിന്നാലെയായിരുന്നു തിടുക്കത്തിലുള്ള നടപടികള്‍. അതേസമയം നേരെത്തെ തന്നെ നിർദ്ദേശം കൊടുത്തിരുന്നുവെന്നായിരുന്നു മന്ത്രി വീണാ ജോർജ്ജ് അടൂരിൽ ഉച്ചയ്ക്ക് ശേഷം പ്രതികരിച്ചത്. സംഭവ സ്ഥലത്തിലേക്ക് അവിഷിത്ത് വൈകിയാണ് എത്തിയതെന്നാണ് സിപിഎം നേതാക്കൾ നൽകുന്ന വിശദീകരണം

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story