പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ
കോട്ടയം: പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. പൊലീസ് ഉദ്യോഗസ്ഥരുടെ പേരും പദവിയും ഉപയോഗിച്ച് ഫ്ലിപ്കാർട്ട് വഴി തട്ടിപ്പ് നടത്തിയ കൂത്താട്ടുകുളം മണ്ണത്തൂർ പെരിങ്ങാട്ടുപറമ്പിൽ നിമിൻ ജോർജ് സന്തോഷ് (22) എന്നയാളെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജപേരിൽ ആരക്കുന്നത്തുള്ള പ്രമുഖ ആശുപത്രിയുടെ വിലാസത്തിൽ ഫ്ലിപ്കാർട്ടില്‍നിന്ന് 1,84,000 രൂപ വിലമതിക്കുന്ന കാമറ ഓർഡർ ചെയ്തു വാങ്ങിയശേഷം 'സി.ഐ ഓഫ് പൊലീസ് മണർകാട്' എന്ന വ്യാജപേര് ഉപയോഗിച്ച് ഈ ഓർഡർ കാൻസൽ ചെയ്യുകയും തുടര്‍ന്ന് ഡെലിവറി റിട്ടേൺ എടുക്കാൻ വന്ന സമയത്ത് ഇയാൾ വാങ്ങിയ കാമറക്ക് പകരം വിലകുറഞ്ഞ ഉപയോഗശൂന്യമായ സമാനരീതിയിലുള്ള കാമറ തിരികെ നൽകുകയുമായിരുന്നു.
തുടർന്ന് ഡെലിവറി ഏജന്‍റിന് സംശയം തോന്നുകയും പൊലീസിൽ വിവരം അറിയിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത് കൂടാതെ ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്നും കഞ്ചാവും പിടികൂടി. സമാനരീതിയിൽ ഇയാൾ മറ്റുസ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.മണർകാട് എസ്.എച്ച്.ഒ അനിൽ ജോർജ്, എസ്.ഐമാരായ ബിനു, അനിൽകുമാർ, പ്രസന്നൻ, സി.പി.ഒമാരായ സുധീഷ്, വിബിൻ എന്നിവർ ചേർന്നാണ്പ്രതിയെ പിടികൂടിയത്.