മുക്കുപണ്ടം നല്‍കി പണം തട്ടിയ കേസ്‌: രണ്ടാം പ്രതിയായ ‘നടന്‍’ അറസ്‌റ്റില്‍

മുക്കുപണ്ടം നല്‍കി പണം തട്ടിയ കേസ്‌: രണ്ടാം പ്രതിയായ ‘നടന്‍’ അറസ്‌റ്റില്‍

September 7, 2022 0 By Editor

അടിമാലി: മുക്കുപണ്ടം നല്‍കി സ്വര്‍ണവ്യാപാരിയില്‍നിന്നു മൂന്നു ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടാം പ്രതിയായ സിനിമാ നടന്‍ അറസ്‌റ്റില്‍. ആലുവ പോഞ്ഞാശേരി കാത്തോളിപറമ്പില്‍ സനീഷ്‌(35) ആണ്‌ അറസ്‌റ്റിലായത്‌. ഗോവ പനജിയിലുള്ള ആഢംബരക്കപ്പലിലെ കാസിനോയില്‍നിന്നാണു വെള്ളത്തൂവല്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ സജി എന്‍. പോളിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്‌.
അടിമാലി ടൗണിനു സമീപമുള്ള കൃഷ്‌ണ ജൂവലറി ഉടമയില്‍നിന്നു പണം കവര്‍ന്ന കേസിലാണ്‌ അറസ്‌റ്റ്‌. കേസിലെ മുഖ്യപ്രതി അടിമാലി മുനിത്തണ്ട്‌ അമ്പാട്ടുകുടി ജിബി കുര്യാക്കോസി(41)നെ നേരത്തേ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ജൂലൈ ഒന്നിനായിരുന്നു തട്ടിപ്പ്‌. സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: ജിബി കടയുടമയെ ഫോണില്‍ വിളിച്ച്‌ ജോസുകുട്ടി എന്നയാള്‍ ആനച്ചാല്‍ കാര്‍ഷിക വികസന ബാങ്കില്‍ 108 ഗ്രാം സ്വര്‍ണം പണയംവച്ചിട്ടുണ്ടെന്നും മൂന്നു ലക്ഷം രൂപ നല്‍കിയാല്‍ പണയമെടുത്തശേഷം സ്വര്‍ണം നല്‍കാമെന്നും അറിയിച്ചു. തുടര്‍ന്ന്‌ കടയുടമ തന്റെ സ്വര്‍ണപ്പണിക്കാരായ രണ്ടുപേരെ മൂന്നുലക്ഷം രൂപയും നല്‍കി ബാങ്കിലേക്ക്‌ അയച്ചു. ഇവര്‍ ബാങ്ക്‌ കെട്ടിടത്തിനു താഴെ എത്തിയപ്പോള്‍, നേരത്തേ പണയം എടുത്തെന്നു പറഞ്ഞ്‌ 916 എന്നു രേഖപ്പെടുത്തിയ മൂന്നു മാലകള്‍ അടങ്ങിയ മുക്കുപണ്ടം നല്‍കുകയായിരുന്നു. മൂന്നു ലക്ഷം രൂപ ജിബിയുടെ കൂട്ടാളികളായ സനീഷും പെരുമ്പാവൂര്‍ സ്വദേശി നൗഷാദും ചേര്‍ന്ന്‌ ഇവരില്‍നിന്നു കൈക്കലാക്കുകയും ചെയ്‌തു.
രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നാലു ദിവസം മുന്‍പ്‌ അന്വേഷണസംഘം ഗോവയിലേക്ക്‌ തിരിച്ചത്‌. വേഷം മാറി പാസ്‌ സംഘടിപ്പിച്ച്‌ ആഢംബരക്കപ്പലില്‍ കയറിയ പോലീസ്‌ സംഘം ഇയാളെ രഹസ്യമായി നിരീക്ഷിച്ചു. ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന സനീഷിന്റെ സമീപത്തെ ടേബിളില്‍ ഇരുന്ന്‌ പരിചയം ഭാവിച്ച്‌ കുടുക്കിയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

പെരിന്തല്‍മണ്ണ, റാന്നി, കുന്നത്തുനാട്‌, ആലുവ ഈസ്‌റ്റ്‌, പെരുമ്പാവൂര്‍ തുടങ്ങിയ പോലീസ്‌ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പോലീസ്‌ പറഞ്ഞു. പ്രേമം, സ്‌റ്റാന്‍ഡപ്പ്‌ കോമഡി, ലാല്‍ ബഹദൂര്‍ ശാസ്‌ത്രി തുടങ്ങിയ സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നാണ്‌ സനീഷ്‌ പോലീസിനു നല്‍കിയ മൊഴി.
കോടതി ജാമ്യം നിഷേധിച്ച ഒന്നാം പ്രതി ജിബിക്കെതിരേയും സംസ്‌ഥാനത്ത്‌ പല സ്‌റ്റേഷനുകളിലും കേസുകളുണ്ട്‌. ഇനി പിടിയിലാകാനുള്ള നൗഷാദും നിരവധി കേസുകളില്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

ജില്ലാ പോലീസ്‌ മേധാവി ബി.യു. കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം സജി എന്‍. പോള്‍, എ.എസ്‌.ഐ: കെ.എല്‍. സിബ്‌, രാജേഷ്‌ വി. നായര്‍, എസ്‌.സി.പി.ഒ: ജോബിന്‍ ജെയിംസ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ ഗോവയിലെത്തി സനീഷിനെ പിടികൂടിയത്‌.