ക്ഷയരോഗ വിമുക്ത ഇന്ത്യക്കായുള്ള കോർപ്പറേറ്റ് ടിബി പ്രതിജ്ഞയിൽ ഒപ്പുവച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ
Evening Kerala News : 2025 ഓടെ രാജ്യത്ത് ക്ഷയരോഗം നിർമാർജനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നാഷണൽ ടിബി എലിമിനേഷൻ പ്രോഗ്രാമിന് പിന്തുണയുമായി മുൻ നിര…
Evening Kerala News : 2025 ഓടെ രാജ്യത്ത് ക്ഷയരോഗം നിർമാർജനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നാഷണൽ ടിബി എലിമിനേഷൻ പ്രോഗ്രാമിന് പിന്തുണയുമായി മുൻ നിര…
Evening Kerala News : 2025 ഓടെ രാജ്യത്ത് ക്ഷയരോഗം നിർമാർജനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നാഷണൽ ടിബി എലിമിനേഷൻ പ്രോഗ്രാമിന് പിന്തുണയുമായി മുൻ നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പ്. പദ്ധതിയിലേക്ക് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് ടിബി പ്രതിജ്ഞയിൽ ആസ്റ്റർ ഗ്രൂപ്പ് ഒപ്പുവച്ചു. 2030 ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അഞ്ചു വർഷം മുമ്പ്, ക്ഷയരോഗം ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കപ്പെടണം എന്നാണ് ടിബി എലിമിനേഷൻ പ്രോഗ്രാമിലൂടെ പ്രധാനമന്ത്രി വിഭാവനം ചെയ്തിരിക്കുന്നത്.
ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആവശ്യമായ ചില സുപ്രധാന പദ്ധതികളുടെ പ്രഖ്യാപനവും, പ്രതിജ്ഞയിൽ ഒപ്പുവച്ച ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ നടത്തി. കേരളത്തിൽ പരിമിതമായ വൈദ്യസഹായം ലഭിക്കുന്ന മേഖലകളിൽ രണ്ട് വർഷത്തെ കമ്മ്യൂണിറ്റി സ്ക്രീനിംഗ് പ്രോഗ്രാം നടത്തും. വയനാട്, ഇടുക്കി ജില്ലകളിലാണ് ഇതിന് തുടക്കം കുറിക്കുക. ആദിവാസി വിഭാഗത്തിലെ ജനങ്ങൾക്ക് പ്രത്യേക മുൻഗണന നൽകും. ഡിആർ-ടിബി രോഗികൾക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണം നൽകുന്നതിനായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സെന്ററിൽ ഡിആർ-ടിബി ക്ലിനിക്കുകൾ ആരംഭിക്കുകയും ചെയ്യും. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ദൃശ്യ – സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ആനുകാലിക കമ്മ്യൂണിറ്റി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. അതോടൊപ്പം ദക്ഷിണേന്ത്യയിലുടനീളമുള്ള ആസ്റ്റർ ഫാർമസികൾ വഴി ടിബി നിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യും.
ക്ഷയാരോഗ നിർമാർജനത്തിനായി എക്കാലവും മാതൃകാപരമായ ഇടപെടലാണ് ആസ്റ്റർ നടത്തിയിട്ടുള്ളത് എന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ലോകത്ത് പത്ത് ദശലക്ഷത്തിൽ അധികം ആളുകളെ ബാധിക്കുകയും, വർഷത്തിൽ ഒന്നര ദശലക്ഷത്തിലേറെ പേർ മരണപ്പെടാൻ കാരണമാവുകയും ചെയ്യുന്ന മഹാമാരിയാണ് ടിബി. സമയബന്ധിതവും ഫലപ്രദവുമായ ചികിത്സയിലൂടെ ഇന്ന് രോഗമുക്തി സാധ്യമാണ്. എന്നാൽ സാധാരണക്കാർക്ക് ഇതിനെ കുറിച്ച് വേണ്ട അവബോധം ഇല്ലാത്തതും, മരുന്നുകളുടെ ലഭ്യതക്കുറവുമാണ് രോഗവ്യാപനം പൂർണമായി തടയുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ടിബി സ്റ്റെപ്‌സ് സെന്റർ ഫോർ ട്യൂബർകുലോസിസ് മാനേജ്‌മെന്റ് എന്ന ഏകജാലക സംവിധാനത്തിലൂടെ ക്ഷയരോഗ ചികിത്സയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ സ്വകാര്യ ആശുപത്രികളിലൂടെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ആരംഭിച്ച കോർപ്പറേറ്റ് ടിബി പ്രതിജ്ഞയുമായി കൈകോർക്കുന്നതിലൂടെ, നിലവിലുള്ള ആസ്റ്റർ സ്റ്റെപ്‌സ് സെന്ററുകളെ മാതൃകാ പഠന കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനും, ഇന്ത്യയിലെ ക്ഷയരോഗ പരിചരണത്തിന്റെ നിലവാരം ഉയർത്താൻ, കോർപ്പറേറ്റ് ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'സ്റ്റെപ്‌സ് ഉച്ചക്കോടികൾ' സംഘടിപ്പിക്കാൻ ആസ്റ്റർ പദ്ധതിയിടുന്നതായും ആസാദ് മൂപ്പൻ വ്യക്തമാക്കി.
2017 മുതൽ ക്ഷയരോഗ പരിപാലന രംഗത്ത് സജീവമായി ഇടപെടുന്ന സ്ഥാപനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ഇന്ത്യൻ സ്റ്റാൻഡേർഡ് ഓഫ് ടിബി കെയറിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് രോഗികളെ പരിപാലിക്കുന്നതിനായി ടിബി മാനേജ്‌മെന്റ് സിസ്റ്റം (ആസ്റ്റർ സ്റ്റെപ്സ് സെന്റർ) നടപ്പിലാക്കിയിരുന്നു. ടിബിയുമായി ബന്ധപ്പെട്ട മുഴുവൻ പൊതുജനാരോഗ്യ സൗകര്യങ്ങളും സ്വകാര്യ ആശുപത്രികളിലൂടെ എല്ലാവർക്കും ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണിത്.
കോർപ്പറേറ്റ് ടിബി പ്രതിജ്ഞയുമായി കൈകോർക്കുന്നതിലൂടെ, നിലവിലുള്ള ആസ്റ്റർ സ്റ്റെപ്‌സ് സെന്ററുകളെ പഠന കേന്ദ്രങ്ങളായി വികസിപ്പിക്കാനും, ഇന്ത്യയിലെ ക്ഷയരോഗ പരിചരണത്തിന്റെ നിലവാരം ഉയർത്താൻ കോർപ്പറേറ്റ് ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'സ്റ്റെപ്‌സ് സമ്മിറ്റുകൾ' നടത്താനും ആസ്റ്റർ പദ്ധതി ആവിഷ്കരിക്കുന്നുണ്ട്.
മനുഷ്യരാശിയെ നൂറ്റാണ്ടുകളായി അലട്ടുന്ന പകർച്ചവ്യാധിയെ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാനുളള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിലൂടെ, രാജ്യത്തോടുള്ള ആസ്റ്ററിന്റെ പ്രതിബദ്ധത വീണ്ടും ഊട്ടി ഉറപ്പിക്കുകയാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇൻഫെക്ഷ്യസ് ഡിസീസസ് ആൻഡ് ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം കൺസൾട്ടന്റ് ഡോ. അനുപ് ആർ വാര്യർ പറഞ്ഞു.
കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഗ്ലോബൽ ടിബി റിപ്പോർട്ട് അനുസരിച്ച്, 2020-ൽ ലോകത്ത് 9.9 ദശലക്ഷം ആളുകളാണ് ക്ഷയരോഗബാധിതരായത്. ആകെ രോഗികളുടെ 26 ശതമാനം പേരും ഇന്ത്യയിലാണ്. 2019-ൽ ആഗോളതലത്തിൽ 1.4 ദശലക്ഷം മനുഷ്യരാണ് ടിബി മൂലം മരിച്ചത്. അതിൽ 31 ശതമാനം മരണവും സംഭവിച്ചത് ഇന്ത്യയിലും.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും, യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റും സംയുക്തമായാണ് 2019-ൽ കോർപ്പറേറ്റ് ടിബി പ്രതിജ്ഞ പദ്ധതി അവതരിപ്പിച്ചത്. ദി ഇന്റർനാഷണൽ യൂണിയൻ എഗെയിൻസ്റ്റ് ടൂബർകുലോസിസ് ആൻഡ് ലങ് ഡിസീസസ് ആണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. ഇന്ത്യയുടെ പിന്തുണയുള്ള iDEFEAT TB പ്രോജക്റ്റ് ആണിത്.
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ഇൻഫെക്ഷ്യസ് ഡിസീസസ് & ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം കൺസൾട്ടന്റ് ഡോ. അനുപ് ആർ വാര്യർ, ആസ്റ്റർ മിംസ് കോഴിക്കോട് പൾമണോളജി വിഭാഗം മേധാവി ഡോ. മധു കല്ലത്ത്, ആസ്റ്റർ മിംസ് സിഒഒ ലുക്മാൻ പൊന്മാടത്ത്, കോഴിക്കോട് ഡിഎംഒ ഡോ. ഉമ്മർ ഫറോക്ക്, ജില്ലാ ടിബി ഓഫീസർ ഡോ. അനുരാധ ടി സി, സ്ട്രാറ്റജിക് പാർട്ണർഷിപ്പ്സ് സീനിയർ അഡ്വൈസർ അരവിന്ദ് കുമാർ, ഡോ. രാകേഷ് പി എസ്, യുഎസ്എഐഡി, ഇന്ത്യ, BH സെൻട്രൽ ടിബി ഡിവിഷൻ, ടിബി യൂണിയൻ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Sreejith Sreedharan-Evening Kerala News