ഡൽഹി‍യിൽ നിർണായക ചർച്ച; കെ.സി. വേണുഗോപാലിനെ സോണിയ ഗാന്ധി വിളിപ്പിച്ചു

ആലപ്പുഴ: നിർണായക ചർച്ചകൾക്കായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഡൽഹിക്ക് വിളിപ്പിച്ചു. ഇതേതുടർന്ന് രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്ര പങ്കെടുത്തിരുന്ന വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് ഡൽഹിക്ക് തിരിച്ചു.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച സംഘടനാ ചർച്ചകൾക്കായാണ് വേണുഗോപാലിനെ വിളിപ്പിച്ചെന്നാണ് റിപ്പോർട്ട്. സോണിയയുമായുള്ള കൂടിക്കാഴ്ച പൂർത്തിയാക്കിയ ശേഷം കേരളത്തിലേക്ക് മടങ്ങുന്ന വേണുഗോപാൽ പദയാത്രയുടെ ഭാഗമാകും.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അശോക് ഗെഹ്ലോട്ടും ശശി തരൂരും മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ സോണിയ ഗാന്ധിയെ സന്ദർശിച്ച തരൂർ സ്ഥാനാർതിയാകുന്ന വിവരം അറിയിച്ചു. തരൂരിന്‍റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബിഹാർ, തമിഴ്‌നാട്, ജമ്മു പി.സി.സികൾ പാസാക്കിയെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിൽ തന്നെയാണ് അദ്ദേഹം. ഇതോടെയാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ അശോക് ഗെഹ്‌ലോട്ട് നോമിനിയായത്. ഗെഹ്‌ലോട്ട് 26ന് നാമനിർദേശപത്രിക സമർപ്പിക്കും.അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം നിഷ്പക്ഷത തുടരുമെന്ന് സോണിയ തരൂരിന് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രമേയം പാസാക്കും. ഭാരത് ജോഡോ യാത്ര‍യുടെ കേരള പര്യടനം പൂർത്തിയാക്കിയ ശേഷമായിരിക്കും പ്രമേയം പാസാക്കാനായി കെ.പി.സി.സി യോഗം ചേരുക.

എന്നാൽ, നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിന്‍റെ പിന്തുണ ഉണ്ടാകൂവെന്ന് കെ. മുരളീധരൻ എം.പി പ്രതികരിച്ചു. തരൂരിന്‍റെ സ്ഥാനാർഥിത്വം ഗൗരവത്തോടെ കാണുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. മത്സരിക്കാൻ തരൂർ ഒറ്റക്കെടുത്ത തീരുമാനമാണെന്നും പാർട്ടിയുമായി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story