
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയവർക്ക് പിഴ; പെർമിറ്റ് റദ്ദാക്കി
September 28, 2022കൊച്ചി: ലൈസൻസ് എടുക്കാൻ പ്രായമാകാത്ത കുട്ടി വാഹനം ഉപയോഗിച്ചെന്ന കേസില്‍ മൂന്നു പേര്‍ക്കെതിരെ പിഴ. എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് നടപടി. ലൈസന്‍സ് ഇല്ലാത്തയാള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് ഒരാൾക്ക് 5000 രൂപയും പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് വാഹനം നല്‍കിയ കുറ്റത്തിന് 25000 രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. കുറ്റക്കാര്‍ക്കു കോടതി പിരിയും വരെ സാധാരണ തടവും വിധിച്ചു.
ഇവർ ഉപയോഗിച്ച വാഹനത്തിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്കു റദ്ദാക്കാൻ മോട്ടര്‍ വാഹന വകുപ്പിനോട് നിര്‍ദേശിച്ചു. വാഹന ഉടമകളാണ് ഈ നടപടികള്‍ക്കു വിധേയരാവുന്നത്. ഇവര്‍ രണ്ടാഴ്ചത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാനും കോടതി നിര്‍ദേശിച്ചു. പോണേക്കര സ്വദേശി പുന്നക്കരപറമ്പില്‍ ഷമീര്‍, കളമശേരി സ്വദേശി ഞാക്കട വീട്ടില്‍ നിസ, ആലുവ പരമാനക്കൂടി വീട്ടില്‍ ഹലീന അബുബക്കര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. വാഹനമോടിച്ചിരുന്ന ആള്‍ പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കുട്ടികൾക്കെതിരെയുള്ള നടപടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയിലാണ്.