കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വർധന; ബോധവത്കരിക്കാൻ കുടുംബശ്രീ

കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വർധന; ബോധവത്കരിക്കാൻ കുടുംബശ്രീ

December 4, 2022 0 By Editor

കണ്ണൂർ: ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വർധന. കേരള പൊലീസിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഈ വർഷം 13,733 കുറ്റകൃത്യങ്ങളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തത്.

സെപ്റ്റംബർ വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിമാസനിരക്കിൽ 20 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. രജിസ്റ്റർ ചെയ്യപ്പെടാത്ത കേസുകൾ നിരവധിയാണ്. അപമാനഭയം, പരാതിപ്പെടാനുള്ള അവബോധക്കുറവ്, നടപടികളുടെ മെല്ലെപ്പോക്ക് തുടങ്ങിയ കാരണങ്ങളാൽ തങ്ങൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളിൽ സ്ത്രീകൾ പരാതിപ്പെടുന്നില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

1795 ബലാത്സംഗ കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. സ്ത്രീകളെ ശല്യംചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തവർക്കെതിരെ 3859 കേസുകളെടുത്തു. പൂവാലശല്യവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 504 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈ വർഷം ഒമ്പത് മാസത്തിനിടെ 418 എണ്ണമായി.

സ്ത്രീധനപീഡനത്തെ തുടർന്ന് ഏഴ് വർഷത്തിനിടെ 84 പേർക്കാണ് ജീവൻ നഷ്ടമായത്. സ്ത്രീധനത്തിനെതിരെ സർക്കാറും സംഘടനകളും നടപടികളും വിവിധ ബോധവത്കരണ പരിപാടികളുമായി മുന്നോട്ടുപോകുമ്പോഴും ഈ വർഷം ഏഴുപേരാണ് മരിച്ചത്.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിയമസഹായവും പൊലീസ്, ഷെൽട്ടർ സേവനങ്ങളും ഉറപ്പാക്കാനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തും. ദേ

ശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘നയി ചേത് ന’ ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായാണിത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും അവരെ സജ്ജമാക്കാനും സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കാനുമായി സംസ്ഥാനതലത്തില്‍ കോര്‍ കമ്മിറ്റി രൂപവത്കരിച്ചു.

നിലവിലെ സേവനങ്ങള്‍ സ്ത്രീകള്‍ക്ക് എത്രത്തോളം ലഭ്യമാണെന്ന ചര്‍ച്ചകള്‍ എല്ലാ അയല്‍ക്കൂട്ടങ്ങളിലും സംഘടിപ്പിക്കും. വിവിധ സേവനങ്ങള്‍ സംബന്ധിച്ച കുറിപ്പുകള്‍, പോസ്റ്ററുകള്‍ എന്നിവ അയല്‍ക്കൂട്ടങ്ങള്‍ തയാറാക്കി പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അതിക്രമങ്ങളെ അതിജീവിച്ച വനിതകളുടെ അനുഭവങ്ങള്‍ പങ്കുവെക്കൽ അടക്കമുള്ള പരിപാടികൾ വാര്‍ഡ്തലത്തില്‍ സംഘടിപ്പിക്കും.