പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ് ആക്രമണം, ഗുരുതരപരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ് ആക്രമണം. ഡല്‍ഹി ദ്വാരകയില്‍ ബുധനാഴ്ച രാവിലെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ 17-കാരിയായ വിദ്യാര്‍ഥിനിയുടെ മുഖത്തേക്ക് ആസിഡൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ടുപെണ്‍കുട്ടികളും റോഡരികിലൂടെ നടന്നുപോകുമ്പോള്‍ രണ്ടുപേര്‍ ബൈക്കില്‍ വരുന്നതും 17-കാരിയുടെ മുഖത്തേക്ക് ഇവരുടെ കൈയിലുണ്ടായിരുന്ന ദ്രാവകം ഒഴിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനുപിന്നാലെ പെണ്‍കുട്ടി മുഖംപൊത്തി ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിനിരയായ പെണ്‍കുട്ടി സമീപവാസിയുടെ അടുത്തേക്കാണ് സഹായത്തിനായി ഓടിയതെന്ന് ദൃക്‌സാക്ഷിയായ ഒരാള്‍ പ്രതികരിച്ചു. ഇദ്ദേഹമാണ് പെണ്‍കുട്ടിയെ സഹായിച്ചതെന്നും ദൃക്‌സാക്ഷി പറഞ്ഞു.

അതിനിടെ, മകളുടെ കണ്ണിലടക്കം ആസിഡ് വീണതായാണ് 17-കാരിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. 17,13 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍മക്കളും രാവിലെ ഒരുമിച്ചാണ് വീട്ടില്‍നിന്ന് പോയത്. പെട്ടെന്ന് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂത്തമകള്‍ക്ക് നേരേ ആസിഡൊഴിക്കുകയായിരുന്നു. മുഖം മറച്ചെത്തിയ അക്രമികള്‍ ഇതിനുപിന്നാലെ ബൈക്കില്‍ രക്ഷപ്പെട്ടെന്നും പിതാവ് പറഞ്ഞു. ആരെങ്കിലും ശല്യംചെയ്തിരുന്നതായി മകള്‍ ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ മകള്‍ക്കൊപ്പം എല്ലായിടത്തേക്കും താനും ഒപ്പംപോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടാമനായി തിരച്ചില്‍ തുടരുകയാണെന്നും ഇതിനായി വിവിധസംഘങ്ങളെ രൂപവത്കരിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെ അപലപിച്ച് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളും രംഗത്തെത്തി. എന്തുകൊണ്ടാണ് ആസിഡ് വില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്താത്തതെന്നും ആരെങ്കിലും ഇവിടെ നിയമത്തെ ഭയക്കുന്നുണ്ടോ എന്നുമായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷയുടെ ചോദ്യം. പച്ചക്കറി പോലെ ആസിഡും ലഭ്യമാകുന്ന സ്ഥിതിയാണുള്ളത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതിന്റെ ചില്ലറവില്പന നിരോധിക്കാത്തത്. ആസിഡ് വില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നത് വനിത കമ്മിഷന്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. എപ്പോഴാണ് സര്‍ക്കാരുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയെന്നും അവര്‍ ചോദിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story