
സർച് കമ്മിറ്റി: ചാൻസലർക്ക് തിടുക്കമെന്തിനെന്ന് ഹൈക്കോടതി
December 15, 2022കൊച്ചി: കേരള സർവകലാശാല വി.സി നിയമനത്തിന് രണ്ടംഗ സർച് കമ്മിറ്റിക്കായി ചാൻസലർ തിരക്കിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചതെന്തിനെന്ന് ഹൈകോടതി. പകരം മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലേയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. തങ്ങളെ പുറത്താക്കിയ ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹരജി പരിഗണിക്കവേയാണ് സിംഗിൾബെഞ്ചിന്റെ പരാമർശം. ഗവർണർ ചാൻസലറായി പ്രവർത്തിക്കുമ്പോൾ പ്രീതിയുടെ പേരിൽ നടപടിയെടുക്കാൻ പരിമിതികളുണ്ട്. നിയമപരമായ താൽപര്യ സംരക്ഷണത്തിന് മാത്രമേ പ്രീതി പിൻവലിക്കാവൂ. വ്യക്തിപരമായ താൽപര്യം ഇവിടെ ബാധകമല്ലെന്ന് നിരീക്ഷിച്ച കോടതി, ഒരു കപ്പ് ചായയുമായി ഇരുന്ന് സംസാരിച്ച് തീർക്കാവുന്ന പ്രശ്നങ്ങളായിരുന്നു ഇതെല്ലാമെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് ഹരജി വ്യാഴാഴ്ച വിധി പറയാൻ മാറ്റി.