സെറിബ്രൽ പാൾസി ബാധിച്ച മകന്റെ വിശപ്പടക്കാൻ അധ്യാപികയോട് 500 രൂപ ചോദിച്ച അമ്മയ്ക്കു ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ ലഭിച്ചത് 51 ലക്ഷം

ഗിരിജയും സുഭദ്രയും. Photo: girija.harikumar.1/ Facebook

പാലക്കാട് ∙ സെറിബ്രൽ പാൾസി ബാധിച്ച മകന്റെ വിശപ്പടക്കാൻ അധ്യാപികയോട് 500 രൂപ ചോദിച്ച അമ്മയ്ക്കു ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ ലഭിച്ചത് 51 ലക്ഷം. പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണു സുമനസ്സുകളുടെ സഹായം ലഭിച്ചത്. ഇവരുടെ ദുരിതത്തെ കുറിച്ചു വട്ടേനാട് സ്കൂളിലെ ഗിരിജ ടീച്ചറിട്ട ഫെയ്സ്ബുക് പോസ്റ്റ് കണ്ടാണ് ആളുകൾ സഹായവുമായി എത്തിയത്.

രോഗബാധിതനായ പതിനേഴു വയസ്സുകാരൻ മകനുൾപ്പെടെ 3 കുട്ടികളാണു സുഭദ്രയ്ക്ക്. 5 മാസം മുൻപ് ഭർത്താവ് മരിച്ചതോടെ ഏക ആശ്രയവും ഇല്ലാതെയായി. 2 മക്കളെയും മകനെ ഏൽപ്പിച്ചാണു സുഭദ്ര കൂലിപ്പണിക്കു പോകുന്നത്. പൊളിഞ്ഞുവീഴാറായ കൂരയിലാണു താമസം. ജീവിതം മുന്നോട്ട് തള്ളിനീക്കാൻ യാതൊരു വഴിയും കാണാതെ വന്നപ്പോഴാണു ഗിരിജ ടീച്ചറോടു സഹായം ചോദിച്ചത്.

സഹായമായി ചോദിച്ച തുക നൽകിയ ശേഷം ടീച്ചർ ഇവരുടെ ദുരിതജീവിതം സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചു. സുഭദ്രയുടെ നിസ്സഹായാവസ്ഥ കണ്ട സുമനസ്സുകൾ അകമഴിഞ്ഞു സഹായിച്ചതോടെ കഷ്ടപ്പാടിന് അറുതിയായി. പാതിവഴിയിലായ വീടുപണിയും മകന്റെ തുടർ ചികിത്സയും ഈ പണം കൊണ്ടു പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണു സുഭദ്ര.

———————

കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിച്ച്, ചലന വെെകല്യത്തിനും ചിലപ്പോൾ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണ് സെറിബ്രൽ പാൾസി. ​ഗർഭകാലത്തോ പ്രസവസമയത്തോ അതിനു ശേഷമോ കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന വ്യത്യസ്ത അസുഖങ്ങളോ അവസ്ഥകളോ ആണ് ഇതിന് കാരണം. ഇന്ത്യയിൽ ശരാശരി 1000 കുട്ടികളിൽ മൂന്നു പേർക്ക് സെറിബ്രൽ പാൾസി കാണുന്നു എന്നതാണ് കണക്ക്. രാജ്യത്ത് ഈ രോ​ഗം ബാധിച്ച 25 ലക്ഷത്തോളം ആളുകൾ ഉണ്ടെന്നും കണക്കുകൾ പറയുന്നു.

പ്രസവ സമയത്തോ അതിന് ശേഷമോ കുഞ്ഞിന്റെ തലച്ചോറിന് ഒക്സിജൻ കിട്ടാത്ത അവസ്ഥ, ബാക്ടീരിയൽ വെെറൽ അണുബാധകൾ, നവജാത ശിശുക്കളെ ബാധിക്കുന്ന കഠിനമായ മഞ്ഞപ്പിത്തം, ജനിതകപരമായ തകരാറുകൾ, കുഞ്ഞിന്റെ തലയുടെ വലുപ്പം വർധിക്കുന്ന അവസ്ഥ, തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം എന്നിവ സെറിബ്രൽ പാൾസിയിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്.

പ്രധാനലക്ഷണങ്ങൾ ...

1.വളർച്ചാഘട്ടത്തിലെ പ്രധാന നാഴികകല്ലുകൾ പിന്നിടുന്നതിലെ കാലതാമസം.
2. പേശികളിലെ അമിത ദൃ‍ഢത, ദൃ‍ഢതക്കുറവ്.
3.ഭക്ഷണം ഇറക്കുവാനുള്ള പ്രയാസം.
4. സംസാര വെെകല്യം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story