
രാജസ്ഥാനിൽ ഉടമയുടെ തല കടിച്ചെടുത്ത് ചവച്ചരച്ച് ഒട്ടകം ; ഒട്ടകത്തെ തല്ലിക്കൊന്ന് നാട്ടുകാർ
February 10, 2023ഒട്ടകത്തിന്റെ ആക്രമണത്തിൽ ഉടമയ്ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് സോഹൻറാം നായക് ഒട്ടകത്തിന്റെ ആക്രമണത്തിൽ മരിച്ചത്. കെട്ടിയിട്ടിരുന്ന ഒട്ടകം മറ്റൊരു ഒട്ടകത്തെ കണ്ടതോടെ കയർ പൊട്ടിച്ച് അതിന്റെ പിന്നാലെ ഓടുകയായിരുന്നു. ഇതുകണ്ട സൊഹൻറാം നായക് ഒട്ടകത്തിന്റെ പിന്നാലെ ഓടുകയും അതിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് അക്രമാസക്തനായ ഒട്ടകം ഉടമക്കെതിരെ തിരിഞ്ഞു. ഉടമയുടെ കഴുത്തിൽ കടിച്ച് നിലത്തേക്കു വലിച്ചെറിഞ്ഞ ശേഷം തല കടിച്ചെടുത്തു ചവയ്ക്കുകയായിരുന്നു. സോഹൻ റാമിന്റെ നിലവിളി കേട്ട് കുടുംബാംഗങ്ങളും നാട്ടുകാരും ഓടിയെത്തി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ഒട്ടക്കത്തെ സമീപത്തെ മരത്തിൽ കെട്ടിയിട്ടത്. അക്രമാസക്തനായ ഒട്ടകത്തെ നാട്ടുകാർ ചേർന്ന് വടികൊണ്ട് അടിച്ചതോടെ ഒട്ടകം ചത്തു. സോഹൻറാമിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി