ബിബിസിയെ രാജ്യത്ത് നിരോധിക്കണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ബിബിസിയെ രാജ്യത്ത് നിരോധിക്കണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

February 10, 2023 0 By Editor

ബിബിസി സംപ്രേഷണം രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. ബിബിസി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ഹര്‍ജി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി ഡോക്യുമെന്ററി രാജ്യത്ത് വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിയുടെ പ്രവര്‍ത്തനം രാജ്യത്തു വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെടുന്നത്.

ബിബിസിക്ക് രാജ്യത്ത് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യം. രാജ്യത്തിനകത്തെ ബിബിസി ഇന്ത്യയുടെ പ്രവര്‍ത്തനവും നിരോധിക്കണം.

ഇന്ത്യ വിരുദ്ധ, കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടേയും, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങിയവയെയും, ബിബിസിയുടെ ഇന്ത്യയിലെ ജേര്‍ണലിസ്റ്റുകളെപ്പറ്റിയും അന്വേഷണം നടത്താന്‍ എന്‍ഐഎയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ബിബിസിയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ബിബിസിയുടെ ഡല്‍ഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ ഓഫീസിനു മുന്നിൽ ഹിന്ദുസേനയുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബിബിസി നടത്തുന്നതെന്ന് ഹിന്ദുസേന ആരോപിച്ചു.1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ബിബിസിയെ നിരോധിച്ചിരുന്നുവെന്നും വിഷ്ണു ഗുപ്ത ചൂണ്ടിക്കാട്ടി.