സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

April 12, 2023 0 By Editor

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ഉന്നതരുടെ പങ്ക് അന്വേഷിക്കാന്‍ ഇഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് വിധി പ്രസ്താവിക്കുക.

സ്വര്‍ണ- ഡോളര്‍ കടത്തുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാണ് ഹര്‍ജിക്കാരനായ കോട്ടയം പാല സ്വദേശി അജി കൃഷ്ണന്‍ ആരോപിക്കുന്നത്. അതേസമയം, ഹര്‍ജി നിയമപരമായി നില നില്‍ക്കില്ലെന്നാണ് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച് ആര്‍ഡിഎസ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ് ഹര്‍ജിക്കാരന്‍. ഇക്കാര്യം മറച്ചുവച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതെന്നും അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി.